Loading...

Switching to dark mode

Switching to light mode

Switching to RTL mode

Switching to default mode

Language

ഗൃഹവൈദ്യം
ഗൃഹൗഷധികൾ

നമുക്കു ചുറ്റും സ്വാഭാവികമായി വളരുന്ന ഔഷധസസ്യങ്ങൾ പണ്ടുകാലത്ത് ആരോഗ്യസംരക്ഷണത്തിനും രോഗനിയന്ത്രണത്തിനും ഉപയോഗിച്ചിരുന്നു. എന്നാൽ ഇത്തരം പല സസ്യങ്ങളും ഇന്ന് അപ്രത്യക്ഷ്യമായിരിക്കുന്നു. നമ്മുടെ കാലാവസ്ഥക്കനുയോജ്യമായ ഔഷധസസ്യങ്ങളെ തിരിച്ചറിയുകയും സംരക്ഷിക്കുകയും അവയുടെ ഗൃഹവൈദ്യ ഉപയോഗങ്ങൾ മനസ്സിലാക്കി ഉപയോഗപ്പെടുത്തുകയും ചെയ്യാവുന്നതാണ്. ഗൃഹവൈദ്യം പല ലഘു രോഗങ്ങളെയും ശമിപ്പിക്കും. മാത്രമല്ല, കുറഞ്ഞ ചിലവിലും വേഗത്തിലും പ്രകടമായ ആശ്വാസം നൽകുകയും ചെയ്യും. പെട്ടെന്നുണ്ടാകുന്ന പല രോഗങ്ങൾക്കും വിദഗ്ദ്ധ ചികിത്സ ലഭിക്കുന്നതുവരെ താൽക്കാലിക ശമനത്തിന് ഗൃഹവൈദ്യം ഉപയോഗപ്പെടുത്താം. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അനുയോജ്യമായ ആഹാരശീലങ്ങളും ഗൃഹവൈദ്യവും പ്രയോജനപ്പെടുത്തിയാൽ ഏറിയപങ്കു രോഗങ്ങളും വരാതെ ഒഴിവാക്കുവാനും ബാധിച്ച രോഗങ്ങളെ നിയന്ത്രിക്കുവാനും കഴിയും. അനുയോജ്യമായ ഗ്രഹൗഷധികൾ കൊണ്ട് പല രോഗങ്ങളേയും തുടക്കത്തിൽ തന്നെ നമുക്ക് ഭേദമാക്കാവുന്നതാണ്. ഈ കുറിപ്പിൽ വളരെ പ്രാധാന്യമുള്ളതും നിരപായവുമായ പ്രയോഗങ്ങൾ മാത്രമാണ് പ്രതിപാദിച്ചിട്ടുള്ളത്. വിദഗ്ദ്ധ ആയുർവേദ ഡോക്ടറുടെ സഹായത്തോടെ തയ്യാറാക്കിയിരിക്കുന്ന ഈ ഗൃഹവൈദ്യ പ്രയോഗങ്ങൾ തികച്ചും പ്രാഥമിക ആരോഗ്യ സംരക്ഷണം മുൻനിർത്തിയുള്ളതാണ്. പ്രതികൂല ഫലങ്ങൾ കാണുകയാണെങ്കിൽ വൈദ്യ നിർദ്ദേശം സ്വീകരിക്കേണ്ടതാണ്.


ഗൃഹൗഷധികളുടെ ഉപയോഗം


1. അശോകം

• അശോകത്തോലി കഷായമായും പാൽകഷായമായും സേവിക്കുന്നത് സ്ത്രീകളിലെ അമിത രക്തസ്രാവത്തിന് നല്ലതാണ്.
• അശോകത്തിന്റെ തൊലി തണുത്ത വെള്ളത്തിൽ അരച്ച് ലേപനം ചെയ്താൽ വിഷബാധ മൂലമുണ്ടാകുന്ന നീരും വേദനയും ചൊറിച്ചിലും ശമിക്കുന്നതാണ് .
• അശോകത്തിന്റെ പൂവ് ചതച്ച് വെളിച്ചെണ്ണയിൽ ഇട്ട് മൂപ്പിച്ച് അല്ലെങ്കിൽ ഉണക്കിപ്പൊടിച്ച് കൽക്കമായി വെളിച്ചെണ്ണ കാച്ചി പുരട്ടിയാലും, വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടിയാലും കുട്ടികൾക്കുണ്ടാകുന്ന ത്വക്ക് രോഗങ്ങൾ (കരപ്പൻ, ചൊറി, ചിരങ്ങ്) ശമിക്കുന്നതാണ്.
• അശോകത്തിന്റെ കായ് ഉണക്കിപ്പൊടിച്ചു ഇളനീർ വെള്ളത്തിൽ സേവിക്കുന്നത് മൂത്രതടസ്സത്തിന് നല്ലതാണ് .

2. ആടലോടകം

• ആടലോടകത്തില വാട്ടിപ്പിഴിഞ്ഞ നീരിൽ ഒരു സ്പൂൺ വീതം തുല്യ അളവ് ചെറുതേനോ കൽക്കണ്ടമോ ചേർത്ത് കഴിക്കുന്നത്, അല്ലെങ്കിൽ ആട്ടിൻ പാൽ ചേർത്ത് കാച്ചിക്കഴിക്കുന്നത് ആസ്ത്മ, ചുമ ഇവ നശിപ്പിക്കും.
• ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരും കുരുമുളകും കൂടി കഴിക്കുന്നതും ആസ്ത്മ നിയന്ത്രിക്കാൻ സഹായിക്കും.
• ചുമക്ക് ആടലോടകത്തില ഉണക്കിപ്പൊടിച്ച് കഷായം വച്ച് പഞ്ചസാര ചേർത്തും കഴിക്കാം.
• സ്ത്രീകളിലെ അമിത രക്ത സ്രാവത്തിന് ആടലോടകത്തില വാട്ടിപ്പിഴിഞ്ഞ നീരിൽ (15 മി. ലി.) തേനും പഞ്ചസാരയും ചേർത്ത് കഴിക്കുക. അല്ലെങ്കിൽ 15 ഗ്രാം ശർക്കരയിൽ ചേർത്ത് രണ്ട് നേരം കഴിക്കുക.
• ഇല നീര് തൊണ്ടയിലെ അണുബാധ തടയാൻ സഹായിക്കും.

3. ആനച്ചുവടി

• വേര് പൊടിച്ച് അരിയും ശർക്കരയും ചേർത്തിടിച്ച് കഴിച്ചാൽ രക്താർശ്ശസ്സ് ശമിക്കും.
• വിഷജന്തുക്കൾ കടിച്ചാൽ ചെടി സമൂലം ശുദ്ധ ജലത്തിലരച്ച് മുറിവിൽ പുരട്ടണം
• രക്തവാർച്ച അധികമുള്ള അർശസ്സിന് ആനച്ചുവടിയുടെ വേര്, തവിട് കളയാത്ത അരി, കരൂപ്പട്ടി ഇവ ചേർത്തിടിച്ച് കഴിക്കുന്നത് നല്ലതാണ്.
• ആനച്ചുവടിയുടെ തനി നീര് സമം തേനും ചേർത്ത് സേവിക്കുന്നത് വയറുകടി, വയറിളക്കം എന്നീ രോഗങ്ങൾ ശമിപ്പിക്കും.
• ആനച്ചുവടിയുടെ ഇല ഇടിച്ച് പിഴിഞ്ഞ നീരിൽ അരിയിട്ട് കഞ്ഞി വച്ച് കുടിച്ചാൽ മിക്ക ഉദര രോഗങ്ങളും മാറും.
• ആനച്ചുവടി സമൂലമെടുത്തരച്ച് കഞ്ഞിയിൽ കലക്കിയോ അപ്പം ചുടുമ്പോൾ ചേർത്തോ കഴിച്ചാൽ വയറുകടി ശമിക്കും.
• ആനച്ചുവടി ചതച്ച് താളിയാക്കി തലയിൽ തേച്ച് കുളിച്ചാൽ താരൻ ശമിക്കും.
• പീനസത്തിന് ആനച്ചുവടി സമൂലം ഇടിച്ച് പിഴിഞ്ഞരച്ച നീര് എണ്ണയുടെ നാലിരട്ടി എടുത്ത് അതിന്റെ വേര് കൽക്കമായ് അരച്ച് കലക്കി എണ്ണ കാച്ചി പതിവായി തലയിൽ തേക്കുക. പീനസംബന്ധമായ പണി, ജലദോഷം, മൂക്ക് പഴുപ്പ് എന്നിവ ശമിക്കും.
• ദേഹത്തെ ചുണങ്ങ് മാറുന്നതിന് ആനച്ചുവടി ഇടിച്ചു പിഴിഞ്ഞ നീര്, പച്ചമഞ്ഞൾ നീര്, പന്നിനെയ്യ് ഇവ സമം മൂപ്പിച്ച് ചെറുനാരങ്ങാ നീര് ചേർത്ത് ദേഹത്ത് പുരട്ടുക.

4. ആര്യവേപ്പ്

• ആര്യവേപ്പില അരച്ച് പുരട്ടുന്നത് പൊള്ളലിന് നല്ലതാണ്.
• ആര്യവേപ്പിലയും പച്ചമഞ്ഞളും അരച്ച് വിഷ ജന്തുക്കൾ കടിച്ച ഭാഗത്തു പുരട്ടിയാൽ വിഷം ശമിക്കും.
• കൃമിശല്യത്തിന് ആര്യവേപ്പില അരച്ച് ഉരുട്ടി ഒരു നെല്ലിക്കായുടെ വലിപ്പത്തിൽ കഴിക്കുക. അല്ലെങ്കിൽ വേപ്പില ചതച്ചുപിഴിഞ്ഞെടുത്ത നീരിൽ ഉപ്പും ചേർത്ത് സേവിക്കുക.
• പ്രമേഹനിയന്ത്രണത്തിന് ആര്യവേപ്പിന്റെ ഇല അരച്ച് ഒരു നെല്ലിക്കാവലിപ്പത്തിൽ എടുത്ത് വെള്ളത്തിൽ കലക്കി വെറും വയറ്റിൽ കഴിക്കുന്നത് ഫലപ്രദമാണ്. ഇത്തരം പ്രയോഗങ്ങൾ കുറെ നാൾ തുടരുന്നത് അഭികാമ്യമല്ല.
• ആര്യവേപ്പിലയും പച്ചമഞ്ഞളും അരച്ച് ശരീരമാസകലം തേച്ച് കുളിക്കുന്നത് ത്വക്കുരോഗങ്ങളോടനുബന്ധിച്ചുള്ള പാടുകൾ മാറാൻ നല്ലതാണ്.
• ചൊറി, ചിരങ്ങ്, വ്രണങ്ങൾ എന്നിവക്ക് ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുക. വേപ്പിലയും മഞ്ഞളും ചേർത്തരച്ച് ലേപനം ചെയ്യുന്നതും നല്ലതാണ്.
• മുടി കൊഴിച്ചിൽ, താരൻ എന്നിവക്ക് ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട് തല പതിവായി കഴുകുക.
• പല്ലുവേദന, മോണപഴുപ്പ് എന്നിവക്ക് വേപ്പിൻകായ, പടിക്കാരം, കറിയുപ്പ് ഇവ സമം പൊടിച്ച് പല്ല് തേക്കുക. വേപ്പിന്റെ തണ്ട് കൊണ്ടും പല്ല് തേക്കാവുന്നതാണ്.
• വാതവേദന, ഉളുക്ക്, കടച്ചിൽ എന്നിവയുണ്ടായാൽ വേദനയുള്ള ഭാഗത്ത് വേപ്പെണ്ണ പുരട്ടി നല്ലതുപോലെ തിരുമ്മുകയും വേപ്പിൻപിണ്ണാക്ക് കൊണ്ട് കിഴികുത്തുകയും ചെയ്താൽ വേദന നിയന്ത്രിതമാകുന്നതാണ്.
• വെളിച്ചെണ്ണ 100 മി. ലി. യും വേപ്പെണ്ണ 2 മി. ലി. യും ചേർത്ത് ശരീരത്ത് പുരട്ടിയാൽ കൊതുകു കടിയിൽ നിന്ന് രക്ഷനേടാം.
• വീടിനുള്ളിലെ പുസ്തകങ്ങളും വസ്ത്രങ്ങളും നശിപ്പിക്കുന്ന കീടങ്ങളെ ഇല്ലാതാക്കുന്നതിന് വേപ്പില ഉണക്കി വിതറിയാൽ മതിയാവുന്നതാണ്.
• വേപ്പിലെ വിവിധ രാസപദാർഥങ്ങൾ കീടങ്ങളെ അകറ്റി നിർത്തുന്നു. മുഖ്യരാസവസ്തുക്കളിൽ ഒന്നായ "അസാഡിറാക്ടിൻ" കീടങ്ങളുടെ വളർച്ചയെ മുരടിപ്പിക്കുന്നു. വേപ്പിന്കുരു ചതച്ച് തുണിയിൽ കിഴികെട്ടി പാത്രത്തിലെ വെള്ളത്തിൽ മുക്കി ഒരു രാത്രി വക്കുക. (500 ഗ്രാം വേപ്പിൻ കുരുവിനു 10 ലിറ്റർ വെള്ളം). അടുത്ത ദിവസം ഇതിന്റെ സത്തെടുത്ത് കീടനാശിനിയായി തളിക്കുകയും കിഴിക്കുള്ളിലെ ചണ്ടി വിതറുകയും ചെയ്യാം.

5. ആവണക്ക്

• ആവണക്കിലയിൽ എണ്ണ പുരട്ടി ചൂടാക്കി വേദനയുമുള്ള ഭാഗത്ത് വച്ചുകെട്ടുക. ശരീരത്തിന്റെ ഏതു ഭാഗത്ത് നീരുണ്ടായാലും ഇതുകൊണ്ട് പ്രയോജനമുണ്ടാകും.
• നടുവേദന, ഉളുക്ക് എന്നീ അവസ്ഥകളിൽ ആവണക്കെണ്ണയും സമം കരിനൊച്ചിയില നീരും ചേർത്ത് സേവിക്കുക. അതോടൊപ്പം ആവണക്കെണ്ണ ചേർത്ത് വെള്ളം തിളപ്പിച്ച് അതിന്റെ ആവി കൊണ്ട് വേദനയുള്ള ഭാഗം വിയർപ്പിക്കുക. അല്ലെങ്കിൽ, ആവണക്കിലയും, എള്ളും, ശതകുപ്പയും സമമെടുത്ത് കാടി കൂട്ടിയരച്ച് വേദനയുള്ള ഭാഗത്ത് പുരട്ടുക.
• കാഴ്ച്ചക്കുറവിന് ആവണക്കിൻറെ തളിരിലകൾ നെയ്യിൽ വറുത്ത് കഴിക്കുക.
• പ്രായമനുസരിച്ച് ഒന്നോ, രണ്ടോ ടീസ്പൂൺ ആവണക്കെണ്ണ സേവിച്ചാൽ നല്ലതുപോലെ ശോധനയുണ്ടാകുന്നതാണ്. ശോധന കൂടിയാൽ ചെറുനാരങ്ങാനീര് കുടിച്ചാൽ ശമനമുണ്ടാകും .
• നട്ടെല്ലിനുണ്ടാകുന്ന വേദനക്ക് ആവണക്കില വരട്ടുനാളികേരവുമായ് യോജിപ്പിച്ച് വറുത്ത് കിഴി കുത്തുക.
• കൈകാൽ കഴപ്പിന് ആവണക്കെണ്ണ പുരട്ടി തിരുമ്മുക.
• കാൽപാദത്തിനടിയിൽ പതിവായി ആവണക്കെണ്ണ പുരട്ടിയാൽ ചൂട് ശമിക്കാനും കാൽ വെടിച്ച് കീറുന്നത് കുറയാനും സഹായിക്കും.

6. ഇഞ്ചി

• ഇഞ്ചിനീരിന്റെ 5 മി. ലി. വീതം തെളി സമം തേനും കലർത്തി പലപ്രാവശ്യം സേവിച്ചാൽ ചുമയും നീരിളക്കവും കുറയും. മലബന്ധം ശമിക്കും.
• ഇളം ചൂടുള്ള ചുക്കുകഷായത്തിൽ കൽക്കണ്ടം പൊടിച്ച് ചേർത്ത് പതിവായി സേവിച്ചാൽ ചുമ, ശ്വാസം മുട്ടൽ, വയറുവേദന എന്നിവ കുറയും. ആർത്തവ സംബന്ധമായ വയറു വേദനക്കും നല്ലതാണ്.
• ഇഞ്ചി നീരിന്റെ തെളിയും ഉള്ളിനീരും 5 മി. ലി. വീതം ചേർത്ത് സേവിച്ചാൽ മനം പിരട്ടലും ഛർദ്ദിയും ശമിക്കും.
• ഇഞ്ചിച്ചാറിൽ കുരുമുളകും ജീരകവും സമം പൊടിച്ചിട്ടിളക്കി ദിവസവും മൂന്ന് നേരം വീതം സേവിച്ചാൽ അരുചിയും പുളിച്ചുതികട്ടലും ശമിക്കും.
• ചുക്ക് ചുട്ടെടുത്ത പൊടിച്ച് തേനിൽ ചാലിച്ച് ദിവസം മൂന്നുനേരം വീതം സേവിച്ചാൽ വയറുകടി, വയറുവേദന എന്നിവ കുറയും.
• ഇഞ്ചിനീരും ചെറുനാരങ്ങാനീരും സമമെടുത്ത് ഇന്തുപ്പ് മേമ്പൊടി ചേർത്ത് സേവിച്ചാൽ ദഹനക്കുറവും വായു സ്തംഭനവും കുറയും.
• ഇഞ്ചി അരിഞ്ഞ് നാലിലൊന്ന് ഭാഗം പഞ്ചസാരയും ചേർത്ത് കുപ്പിയിലാക്കി അതിൽ നിന്ന് ഊറി വരുന്ന സത്ത് ലേശം വീതം കൊച്ചുകുട്ടികൾക്ക് കൊടുക്കുന്നത് ഉദരരോഗങ്ങൾക്ക് ഫലപ്രദമാണ്.
• ഇഞ്ചി ചെറുതായി നുറുക്കി നെയ്യിൽ വറുത്തെടുത്തത് ഒരു ഭാഗം, ജീരകം നെയ്യിൽ വറുത്തെടുത്തത് ഒരു ഭാഗം, മലര് രണ്ടു ഭാഗം, കൽക്കണ്ടം നാല് ഭാഗം ഇവയെല്ലാം കൂടി പൊടിച്ച് യോജിപ്പിച്ച് കൂടെക്കൂടെ കഴിക്കുന്നത് ദഹനക്കേടിനും ഛർദ്ദിക്കും നല്ലതാണ്. മലരിഞ്ചി എന്ന പേരുള്ള ഈ പ്രയോഗം ഗർഭകാല ഛർദ്ദിയിൽ നിർദ്ദേശിക്കുന്നുണ്ട്. ക്ഷീണവും കുറയുന്നതാണ്.
• ഇഞ്ചിനീര് അല്പം ഉപ്പ് ചേർത്ത് ആഹാരത്തിനു 15 മിനിറ്റ് മുമ്പ് കഴിക്കുന്നത് ദഹനശേഷി കൂട്ടും.
• വിശപ്പില്ലായ്മക്ക് ചുക്കുപൊടി രാവിലെ ചൂടുവെള്ളത്തിൽ കഴിക്കുക.
• ദഹനക്കേടിന് ഇഞ്ചി ചവച്ചരച്ച് തിന്നുക/ ഇഞ്ചിയും ഉപ്പുകല്ലും കൂടി ചവച്ചിറക്കുക.
• ഇഞ്ചിനീരും കൽക്കണ്ടവും/ ഇഞ്ചിനീരും ഉലുവാപ്പൊടിയും ചേർത്ത് സേവിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് നിർദ്ദേശിച്ചിരിക്കുന്നു.
• ചുക്ക് പൊടിച്ച് മോരിൽ ചേർത്ത് പലവട്ടം കഴിച്ചാൽ അതിസാരം ശമിക്കും.
• വിളഞ്ഞ ഇഞ്ചി നന്നായി കൊത്തിയരിഞ്ഞ് വെളിച്ചെണ്ണയിൽ മൂപ്പിച്ചെടുക്കുക. ഈ എണ്ണ പേശി വേദനക്ക് ഔഷധമാണ്.
• അരിമ്പാറ പോകുന്നതിന് പച്ച ഇഞ്ചി ചെത്തി കൂർപ്പിച്ച് ചുണ്ണാമ്പിൽ മുക്കി അരിമ്പാറയിൽ പല തവണ ഉരസുക.
• അരുചിക്ക് ചുക്ക് പൊടിച്ച് ചൂടുവെള്ളത്തിൽ കഴിക്കുക.
• കുഴിനഖത്തിൽ ഇഞ്ചിനീരും പച്ചമഞ്ഞളും ചേർത്ത് കുഴമ്പാക്കി തേക്കുക.
• മോണരോഗത്തിന് ഇഞ്ചിനീരിൽ തേൻ ചേർത്ത് കവിൾ കൊള്ളുക / ഇഞ്ചിനീരും ഉപ്പും ചേർത്ത് കവിൾ കൊള്ളുക. നീരും പഴുപ്പും ശമിക്കും.
• ദന്തരോഗങ്ങൾക്ക് ചുക്ക് പൊടിയും കർപ്പൂരവും ചേർത്ത് പല്ല് തേക്കുക.
• എക്കിളിന് ചുക്ക് പൊടിച്ച് തേൻ ചേർത്ത് കഴിക്കുക.
• പുളിച്ച് തികട്ടുന്നതിന് ഇഞ്ചിനീരിൽ ജീരകം, കുരുമുളക് ഇവ പൊടിച്ച് ചേർത്ത് തേൻ ചേർത്ത് കഴിക്കാം.
• ഒച്ചയടപ്പിന് ഇഞ്ചിയും ശർക്കരയും 1:2 അനുപാതത്തിൽ ചേർത്തു കഴിക്കുക.
• ഇഞ്ചി കഷായത്തിൽ കുരുമുളക് പൊടി ചേർത്ത് സേവിച്ചാൽ ജലദോഷം ശമിക്കും.
• ഒന്നോ രണ്ടോ ടീസ്പൂൺ ഇഞ്ചിനീരിൽ ഒരൗൺസ് ശുദ്ധമായ ആവണക്കെണ്ണ ചേർത്ത് കാലത്ത് വെറും വയറ്റിൽ കഴിച്ചാൽ അരക്കെട്ട് വേദന മാറും.
• ചുക്ക്, ശർക്കര, വറുത്ത എള്ള് എന്നിവ 1:2:4 എന്ന അനുപാതത്തിൽ ചേർത്ത് എട്ടു ദിവസം സേവിച്ചാൽ ചുമ കുറയും.

7. ഉലുവ

• ഉലുവ കഴുകി ഉണക്കി വറുത്ത് പൊടിച്ച് ഒരു ടേബിൾ സ്പൂൺ വീതം പാലിൽ ചേർത്ത് കഴിക്കുകയാണെങ്കിൽ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിതമാകും.
• പ്രമേഹത്തിന് 30 ഉലുവ കഴുകി വൃത്തിയാക്കി വൃത്തിയാക്കി പാത്രത്തിൽ ഇട്ട് മൂടത്തക്കവണ്ണം ശുദ്ധജലം ഒഴിച്ച് 24 മണിക്കൂർ വെച്ച ശേഷം ആ വെള്ളത്തിൽ അരച്ച് കാലത്ത് വെറും വയറ്റിൽ കഴിക്കുക.
• ഉലുവ കഞ്ഞി വച്ച് കഴിച്ചാൽ സ്ത്രീകൾക്ക് മുലപ്പാൽ വർദ്ധിക്കും.
• പ്രസവശേഷമുണ്ടാകുന്ന ശരീരവേദന, ഉദരവേദന, ഇവ മാറ്റാനും ഗർഭാശയത്തെ ശുദ്ധീകരിക്കാനും മുലപ്പാലും ശരീരശക്തിയും വർധിക്കാനും ഉലുവ വേവിച്ച് അതിൽ കരുപ്പെട്ടിയും നെയ്യും, തേങ്ങാപ്പാലും ചേർത്ത് ലേഹ്യ രൂപത്തിലാക്കി കൊടുക്കുന്നത് നല്ലതാണ്.
• ഉലുവ അരച്ച തലയിൽ തേച്ച് പുരട്ടി കുളിക്കുന്നത് മുടികൊഴിച്ചിൽ ശമിക്കാൻ നല്ലതാണ്. താരൻ മാറുകയും മുടി വളരുകയും ചെയ്യും.
• ഉറക്കക്കുറവിനു ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
• ഓജസ്സില്ലായ്മക്ക് ഉലുവ കഷായം വച്ച് കഴിക്കുക.
• വണ്ണം കുറയ്ക്കാൻ ഉലുവ ഒരു പിടി വീതം വൈകുന്നേരം ഒരു ഗ്ലാസ് വെള്ളത്തിലിട്ട് കുതിർത്ത് രാവിലെയെടുത്ത് ഞെരടി പിഴിഞ്ഞരിച്ച് ആ വെള്ളം പതിവായി ഉപയോഗിക്കുക.
• മുഖത്തെ കറുപ്പ് മാറാൻ ഉലുവ പാലിൽ അരച്ച് പുരട്ടുക.
• വാതവേദനകൾക്ക് ഉലുവയും, ചതകുപ്പയും കൂടി പാലിൽ പുഴുങ്ങി അരച്ച് പുരട്ടുക.
• ഉലുവ വറുത്ത് പൊടിച്ച് വെള്ളത്തിലിട്ട് ചൂടാക്കി അൽപ്പം ശർക്കരയും ചേർത്ത് കുടിക്കുന്നത് മൂത്രതടസ്സം മാറാൻ നല്ലതാണ്.
• സന്ധികൾ അനക്കാൻ പ്രയാസമായിത്തീരുന്ന ഒരു രോഗമാണ് വാതരക്തം. ഈ രോഗമുള്ളവർ 10 ഗ്രാമ ഉലുവ വീതം രാത്രി വെള്ളത്തിലിട്ട് വച്ച് രാവിലെ പതിവായി കഴിക്കുന്നത് നല്ലതാണ്.
• തൊലിക്ക് മാർദ്ദവവും ശോഭയും കിട്ടുന്നതിന് ഉലുവ അരച്ച് തേക്കുന്നത് നല്ലതാണ്.

8. ഉഴിഞ്ഞ

• വയറുവേദനക്കും മലബന്ധത്തിനും വേര് കഷായം വച്ച് സേവിക്കുക.
• ഇല ഇടിച്ചുപിഴിഞ്ഞെടുത്ത നീരിൽ കൊട്ടം, മുത്തങ്ങാക്കിഴങ്ങ്, ഇരട്ടിമധുരം എന്നിവ അരച്ചുകലക്കി എണ്ണ കാച്ചി തേച്ചാൽ നീരിറക്കം, തലവേദന, ഞരമ്പുകേട് എന്നിവയ്ക്ക് ഗുണകരമാണ്.
• ഉഴിഞ്ഞയില വെള്ളത്തിൽ കുതിർത്ത് താളിയായി ഉപയോഗിച്ചാൽ മുടി വൃത്തിയാകും.

9. ഉങ്ങ്

• പഴകിയ ത്വക്ക് രോഗവ്രണങ്ങളിൽ ഉങ്ങിന്റെ കുരു ചതച്ചിട്ടു കൊടുക്കുന്നത് നല്ലതാണ്.
• ഒടിവ്, ചതവ്, നീര് എന്നിവക്ക് ഉങ്ങിൻ പട്ട കൊണ്ട് എണ്ണ കാച്ചി തേക്കുക.
• ഉങ്ങിൻകുരുവിൽ നിന്നെടുക്കുന്ന ഉങ്ങണ്ണ വ്രണങ്ങളിൽ പുരട്ടിയാൽ വ്രണം വേഗം കരിയുകയും പഴുപ്പ് മാറുകയും ചെയ്യും.

10. ഊളന്തകര (പൊന്നാവീരം)

• വിചർച്ചിക എന്ന ചർമ്മരോഗത്തിന് ഇതിന്റെ വേര് വേപ്പിലയുടെ സ്വരസത്തിൽ അരച്ച് പതിവായി പുരട്ടുന്നത് നല്ലതാണ്.
• ഇക്കിളിലും ശ്വാസകോശരോഗത്തിലും ഇതിന്റെ ഇലയുടെ നീരോ കഷായമോ കുടിക്കുന്നത് നല്ലതാണ്.

11. എരുക്ക്

• ചൊറി, ചിരങ്ങ് മുതലായ ത്വക്ക് രോഗങ്ങൾക്ക് എരുക്കിന്റെ ഇല അരിഞ്ഞ് വരട്ടു തേങ്ങാപ്പീരയും കൂടി ഒരു ദിവസം വെച്ചിരുന്ന് പിറ്റേ ദിവസം പിഴിഞ്ഞ് അതിൽ അല്പം ഗന്ധകവും പൊടിച്ചിട്ട് പുരട്ടുക.
• എരുക്കിൻപാലും, കള്ളിപ്പാലും ചേർത്ത് പൊൻമെഴുക് കൂട്ടി തൈലം കാച്ചിപുരട്ടുന്നത് പഴകിയ വ്രണങ്ങൾക്ക് നല്ലതാണ്.
• മുള്ള് തറച്ച ഭാഗത്ത് എരുക്കിന്റെ കറ പുരട്ടിയാൽ മുള്ള് എടുക്കുവാൻ വളരെ എളുപ്പമായിരിക്കും.
• പല്ലുവേദനക്ക് എരുക്കിന്റെ കറ പഞ്ഞിയിൽ മുക്കി പല്ലിൽ വച്ചാൽ വേദന ഉടനെ കുറയും.
• എരുക്കില മോരിൽ അരച്ച് കലക്കി പഴകിയ ത്വക്ക് രോഗങ്ങളിൽ ലേപനം ചെയ്യുക.
• എരുക്കിന്റെ പാലിൽ കുരുമുളകരച്ച് പുരട്ടിയാൽ തേൾ കുത്തിയ വിഷം നീങ്ങും.
• എരുക്കിന്റെ ഇല അടർത്തുമ്പോൾ വരുന്ന പാൽ ദിവസം 3-4 പ്രാവശ്യം അരിമ്പാറയിൽ തേച്ചാൽ രണ്ടോ, മൂന്നോ ദിവസം കൊണ്ട് വേദനയോ നീറ്റലോ കൂടാതെ അത് മാറും.

12. ഓരില

• ഓരിലവേരും ജീരകവും കൂടി ചതച്ചിട്ട് പാലുകാച്ചി കഴിക്കുക. ഹൃദയസ്രോതസ്സുകൾക്ക് ഇത് ബലം നൽകുകയും വേണ്ടത്ര പ്രാണവായുവിനെ സംഭാവന ചെയ്യുകയും കഫത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
• ഓരിലവേര് കഷായത്തിൽ അതുതന്നെ കൽക്കമായി നെയ്യുകാച്ചി കഴിക്കുക. ഓരിലവേര് അരച്ച് പാൽക്കഞ്ഞിയായി കുടിക്കുക. മനോബലത്തിനും ഉറക്കത്തിനും നന്ന്.
• ഓരില വേരിട്ട് തിളപ്പിച്ചെടുത്ത പാൽക്കഷായം ഹൃദയാരോഗ്യത്തിന് നല്ലതാണ്.

13. കടുക്

• കടുകെണ്ണ ചൂടാക്കി ചെവിയിൽ ഒഴിച്ചാൽ വേദന കുറയുകയും പഴുപ്പ് നീങ്ങുകയും ചെയ്യും.
• മാംസപേശി വേദനകൾ, വാതവേദനകൾ എന്നിവക്ക് കടുകെണ്ണ പുരട്ടി തിരുമ്മുക.
• കടുകും വിഴാലരിയും ചതച്ചിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ കൃമിരോഗം ശമിക്കും.
• ചുടുവാതം നിമിത്തം കാൽ വിള്ളുമ്പോൾ കടുക് അരച്ച് പുരട്ടുക.

14. കടുക്ക

• കടുക്കാത്തോട് മോരിൽ അരച്ചുകലക്കി സേവിച്ചാൽ മലബന്ധം ശമിക്കുന്നതാണ്.
• കാടിവെള്ളത്തിൽ കടുക്കാത്തോട് വേവിച്ച് ആ വെള്ളം കൂടിത്തന്നെ അരച്ച് പുരട്ടിയാൽ നീര് വറ്റുന്നതാണ്.
• കടുക്കാത്തോടും ഞെരിഞ്ഞിലുമിട്ട് വെള്ളം തിളപ്പിച്ചാറിച്ച് കുടിച്ചാൽ മൂത്രതടസ്സം മാറുന്നതാണ്.
• കടുക്കാത്തോട് പൊടിച്ച് തേനും ചേർത്ത് സേവിച്ചാൽ ത്വക്ക് രോഗങ്ങൾ ശമിക്കുന്നതാണ്.
• കടുക്കാത്തോട് മോരിൽ മുക്കുടിവച്ച് പതിവായി കഴിച്ചാൽ വായിൽ തൊലി പോകുന്ന അസുഖം നിയന്ത്രിതമാകും.
• ത്രിഫല പൊടിച്ചത് ഒരു സ്പൂൺ അളവ് വീതം നെയ്യിൽ ചാലിച്ച് ദിവസവും രാത്രി ഉറങ്ങാൻ നേരത്ത് സേവിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിക്കും.
• കാലിലെ വിള്ളലിന് കടുക്കാത്തോടും മാങ്ങയണ്ടിപ്പരിപ്പും അരച്ച് പുരട്ടുന്നത് നല്ലതാണ് .

15. കരിനൊച്ചി

• കഴുത്തിന് ചുറ്റുമുള്ള ലസികാ നാളികളുടെ വീക്കം തടയുന്നതിന് കരിനൊച്ചിയുടെ നീര് 10 മി. ലി. വീതം രണ്ടു നേരം ദിവസവും സേവിക്കുക.
• പനി രോഗങ്ങൾക്ക് കരിനൊച്ചി ഇലയും തുളസി, കുരുമുളക് ഇവ ചേർത്ത് കഷായം വച്ച് കുടിക്കുന്നത് നല്ലതാണ്.
• കരിനൊച്ചി ഇല ഇടിച്ച്പിഴിഞ്ഞ നീരിൽ ആവണക്കെണ്ണ ചേർത്ത് സേവിച്ചാൽ നടുവിന് പിടുത്തം, കൊളുത്തി പിടിത്തം തുടങ്ങിയവ വേഗം മാറും.
• വായ്പുണ്ണ് തൊണ്ടവേദന ഇവക്ക് ഇലക്കഷായം ചൂടോട് കൂടി കവിൾ കൊള്ളുന്നത് നല്ലതാണ്.
• ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് നൊച്ചിയുടെ തളിരില നെയ്യിൽ വറുത്തുപയോഗിക്കുക.
• മൂത്രതടസ്സത്തിന് കരിനൊച്ചിവേര്, തിപ്പലി എന്നിവ സമമെടുത്ത് തുളസിക്കഷായത്തിൽ അരച്ചുകലക്കി കുടിക്കുക. അല്ലെങ്കിൽ കരിനൊച്ചി വേര് അരച്ച് പശുവിൻ മോരിൽ കലർത്തി സേവിക്കുക.
• വാതത്തിന് കരിനൊച്ചിയില ഇടിച്ചുപിഴിഞ്ഞെടുത്ത നീരിൽ കരിനൊച്ചി ഇല തന്നെ കൽക്കമായ് നെയ്യുകാച്ചി ദിവസേന സേവിക്കുക.
• കരിനൊച്ചിയില ഇടിച്ച് പിഴിഞ്ഞെടുത്ത നീരിന്റെ നാലിലൊരു ഭാഗം ആവണക്കെണ്ണ ചേർത്ത് ചിറ്റരത്ത കൽക്കമായ് തൈലം കാച്ചുക. ഇത് ഓരോ ടീസ്പൂൺ സേവിക്കുകയോ നട്ടെല്ലിൽ തലോടുകയോ ചെയ്യുന്നത് നടുവേദനക്കും ഉളുക്കിനും നല്ലതാണ്.
• ആർത്തവസംബന്ധമായ വേദനക്ക് കരിനൊച്ചിയിലച്ചാറ് ഒരൗൺസ് എടുക്കുക. ചൂടാക്കി അരിച്ചശേഷം അതിൽ കല്ലുപ്പും കായവും പൊടിച്ചത് ഒരു നുള്ളു വീതം മേമ്പൊടി ചേർത്ത് സേവിക്കുക.
• പീനസത്തിനും മറ്റും കരിനൊച്ചിയിലച്ചാറിൽ എണ്ണയോ വെളിച്ചെണ്ണയോ ചേർത്ത് കക്കാത്തോടും വയമ്പും കൽക്കമാക്കി കാച്ചി തലയിൽ തേക്കുക. മുടി കറുക്കും, തലവേദന നിയന്ത്രിതമാകും.
• കരിനൊച്ചിയിലച്ചാറിൽ കായവും വെളുത്തുള്ളിയും അയമോദകവും കൂടി അരച്ച് കുരുമുളക് വലിപ്പത്തിൽ ഗുളികയാക്കി ഉണക്കി ഓരോ ഗുളിക ജീരകക്കഷായത്തിൽ കുട്ടികൾക്ക് ദിവസവും കൊടുത്താൽ വിരദോഷം, സ്ഥിരമായ പനി മുതലായ ശിശുരോഗങ്ങൾക്ക് ശമനം കിട്ടും.

16. കരിമ്പ്

• കരിമ്പിൻനീരിൽ ചെറുനാരങ്ങാനീര്, ഇഞ്ചിനീര് എന്നിവയിൽ ഏതെങ്കിലും ഒന്നുചേർത്ത് കഴിക്കുന്നത് അഗ്നിമാന്ദ്യത്തിനു നല്ലതാണ്.
• കരിമ്പിൻനീര് ആമാശയം, വൃക്കകൾ എന്നിവയെ ശക്തിപ്പെടുത്തുന്നു.
• ശരീരക്ഷീണമുണ്ടാകുമ്പോൾ കരിമ്പിൻനീര് പണം ചെയ്താൽ ഉന്മേഷം ലഭിക്കുന്നതാണ്.
• ശരീരത്തിൽ ഇരുമ്പിന്റെ കുറവ് ഉണ്ടാകുമ്പോൾ കാച്ചിയ പാലിൽ കരിമ്പിൻ ശർക്കര ചേർത്ത് കഴിച്ചാൽ ഉന്മേഷവും ഉണർവ്വും ലഭിക്കുന്നതാണ്. രാത്രിയിൽ സുഖനിദ്ര ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

17. കശുമാവ്

• യാത്രാവേളയിൽ ഛർദ്ദി അനുഭവപ്പെടുന്നവർ കശുമാവിന്റെ കുരുന്നില തിരുമ്മി മണത്തുകൊണ്ടിരിക്കുക. ഛർദ്ദി ഉണ്ടാകില്ല.
• കശുമാവിൻ തൊലി ചതച്ചിട്ട് വെള്ളം വെന്ത് കാൽ കഴുകിയാൽ വളംകടി കുറയും.
• ഇതിന്റെ ഇല ഇട്ടു തിളപ്പിച്ച വെള്ളം കവിൾകൊണ്ടാൽ പല്ലുകുത്തും, മോണവീക്കവും മോണവീക്കവും, പഴുപ്പും കുറയും.
• വായ്പുണ്ണിന് ഇതിന്റെ തൊലി അരച്ച് മോരിൽ കലക്കി കവിൾകൊള്ളുക.

18. കറിവേപ്പ്

• അതിസാരം, ഗ്രഹണി, വയറുകടി എന്നിവ ശമിപ്പിക്കാൻ കറിവേപ്പിന് കഴിയും.
• അതിസാരത്തിനു കറിവേപ്പിന്റെ കൂമ്പില കടിച്ചു തിന്നുന്നത് ഫലപ്രദമാണ്.
• അതിസാരത്തിന് കറിവേപ്പിലത്തണ്ട് അരച്ച് മോരിൽ ചേർത്ത് ദിവസേന മൂന്നോ നാലോ നേരം കഴിക്കുക.
• വിഷജീവി കടിച്ച ഭാഗത്ത് കറിവേപ്പില പാലിലരച്ച് പുരട്ടിയാൽ നീരും വേദനയും കുറയും.
• മുടിക്ക് കറുപ്പ് നിറം ലഭിക്കാനും അകാലനര തടയാനും താരൻ നിയന്ത്രിക്കാനും കറിവേപ്പില നീര് 4 ഭാഗം, 1 ഭാഗം വെളിച്ചെണ്ണ, വെളിച്ചെണ്ണയുടെ 1/ 4 ഭാഗം കറിവേപ്പില അരച്ച് ചേർത്ത് കാച്ചി തലയിൽ തേക്കുക.
• പുളിച്ചുതികട്ടലിന് കറിവേപ്പില അരച്ച് നെല്ലിക്കയോളം വലിപ്പത്തിൽ കാച്ചിയ ആട്ടിൻ പാ ലിന്റെ കൂടെ രാവിലെ കഴിക്കുക.
• അൾസറിനു കറിവേപ്പില മോരിൽ അരച്ച് ചേർത്ത് ഇന്തുപ്പുമായി കലർത്തി കഴിക്കുക അല്ലെങ്കിൽ കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം പതിവായി കഴിക്കുക.
• അരുചി മാറാൻ കറിവേപ്പില അരച്ച് മോരിൽ കലക്കി സേവിക്കുക.
• തലയിലെ പേൻ ശല്യത്തിന് കറിവേപ്പിലയും കുരുവും അരച്ച് തലയിൽ തേക്കുക.
• കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാൽ അലർജി മൂലമുണ്ടാകുന്ന അസുഖങ്ങൾ ശമിക്കും.
• കറിവേപ്പിലയും മഞ്ഞളും ചേർത്തുകാച്ചിയ മോരിൽ അഷ്ടചൂർണ്ണം ചേർത്തുകഴിച്ചാൽ നല്ല ദഹനശക്തി കിട്ടും. വയറിലുള്ള മിക്ക അസ്വാസ്ഥ്യങ്ങളും ശമിക്കുകയും ചെയ്യും.
• കറിവേപ്പില അരച്ച് അടക്കയോളം വലിപ്പത്തിൽ കാലത്ത് ചൂട് വെള്ളത്തിൽ കഴിച്ചാൽ കൊളസ്ട്രോൾ വർദ്ധന മൂലമുണ്ടാകുന്ന രോഗങ്ങൾ ശമിക്കും.

19. കറുക

• കുട്ടികൾക്ക് ശരീരപുഷ്ടിയുണ്ടാകാൻ കറുകനീറിൽ വെണ്ണ ചാലിച്ച് കഴിക്കുക.
• പാലുണ്ണി മാറുന്നതിന് കറുകനീറിൽ എണ്ണ ചേർത്ത് ഇരട്ടിമധുരം കല്ക്കമായി കാച്ചിത്തേക്കുക.
• മലബന്ധം മാറുന്നതിന് കറുകപ്പുല്ല് ഇടിച്ച് പിഴിഞ്ഞ നീര് 1 ഔൺസ് വീതം പതിവായി കഴിക്കാവുന്നതാണ്.
• മൂക്കിൽ നിന്നും രക്തംവരൽ മാറുന്നതിന് കറുകനീരും മുലപ്പാലും ചേർത്ത് നെറുകയിൽ ഇറ്റിക്കുക, അല്ലെങ്കിൽ കറുകനീര് മൂന്നു നാല് തുള്ളി മൂക്കിൽ ഒഴിക്കുക.
• രക്തസ്രാവം അധികമുള്ള അർശ്ശസ് സുഖപ്പെടുവാൻ കറുക അരച്ച് പാലിൽ കാച്ചിക്കുടിക്കുന്നത് നല്ലതാണ്.
• കറുകയുടെ പച്ചനീര് 10 മി. ലി. വീതം രാവിലെയും വൈകിട്ടും കുടിക്കുന്നത് നാഡികൾക്ക് ബലമുണ്ടാവാൻ സഹായിക്കും.
• തീപ്പൊള്ളലിന് കറുക നീര് ധാര ചെയ്യുക. പുകച്ചിൽ മാറും.
• കറുക ഇടിച്ച് പിഴിഞ്ഞ നീരിൽ ഇരട്ടി മധുരം അരച്ച് കലക്കി വെളിച്ചെണ്ണ ചേർത്ത് കാച്ചി പുരട്ടിയാൽ വ്രണം വേഗം ഉണങ്ങും.
• കറുക അരച്ച് മുറിവിൽ വച്ച് കെട്ടിയാൽ രക്ത സ്രാവം ശമിക്കുകയും മുറിവ് ഉണങ്ങുകയും ചെയ്യും.
• അധികമായ ദാഹത്തിനും ചുട്ടുനീറ്റലിനും കറുക ഇടിച്ച് പിഴിഞ്ഞെടുത്ത നീര് കാച്ചിയ പാലിൽ ചേർത്ത് സേവിക്കുക.
• പ്രമേഹ രോഗികൾക്ക് കുരുക്കളുണ്ടാകുമ്പോൾ കറുക, എള്ള്, തുമ്പപ്പൂവ് ഇവ പാലിലരച്ച് വെണ്ണ കൂട്ടി ലേപനം ചെയ്യുക.

20. കച്ചോലം

• ഉണങ്ങിയ കച്ചോലം പൊടിച്ച് തേനിൽ കുഴച്ച് ദിവസം മൂന്നു നേരം കഴിച്ചാൽ ഛർദ്ദി നിൽക്കും.
• മുറുക്കുന്ന ശീലമുള്ളവർക്ക് വെറ്റിലയിൽ അല്പം കച്ചോലം ചേർത്ത് മുറുക്കിയാൽ ചുമ, ശ്വാസവൈഷമ്യം ഇവ ഭേദമാകും.
• കുട്ടികളിലെ വിരശല്യത്തിന് കച്ചോലക്കിഴങ്ങിന്റെ നീര് ഒരു ടീസ്പൂൺ വീതം കൊടുക്കുക.
• കുട്ടികളിലെ ഉദര സംബന്ധമായ അസുഖങ്ങൾക്ക് ഒരു സ്പൂൺ കച്ചോലക്കിഴങ് പൊടിച്ചതും ചെറുനാരങ്ങയും ഇഞ്ചിയും ചേർത്ത് പാനീയമാക്കി കൊടുക്കുക.
• വയറുവേദനയ്ക്ക് കച്ചോലക്കിഴങ് കുഴമ്പ് പരുവത്തിലാക്കി കഴിക്കുക.
• പല്ലുവേദന ശമിക്കാൻ കച്ചോലക്കിഴങ് അരച്ചെടുത്ത് അരച്ചെടുത്ത് മോണയിൽ തേക്കുക.
• മുടിക്ക് സുഗന്ധം നൽകുന്ന നല്ലൊരു കേശ പോഷിണിയാണ് കച്ചോലം.
• കച്ചോലക്കിഴങ് ഹെർബൽ ഷാംപൂവുമായി കലർത്തി തലയിൽ തേച്ചാൽ താരൻ മാറികിട്ടും.
• കച്ചോലം ചേർത്ത് മുറുക്കുകയോ, വെറ്റിലയും കച്ചോലവും ചേർത്ത് ചവച്ച് നീരിറക്കുകയോ ചെയ്താൽ വായ്നാറ്റം കുറയും.
• ഛർദി ഉണ്ടാകുമ്പോൾ കച്ചോലക്കിഴങ് ചതച്ച് മണക്കുക.

21. കയ്യോന്നി

• കയ്യോന്നിനീര് ചേർത്ത് എണ്ണ കാച്ചി തലയിൽ തേയ്ക്കുന്നതും, കയ്യോന്നിനീര് മുടിയിൽ മുടിയിൽ പുരട്ടുന്നതും മുടി വളരുന്നതിന് നല്ലതാണ്.
• കയ്യോന്നി നീരിൽ കടുക്കാത്തോട് അരച്ച് കലക്കി എണ്ണകാച്ചി തേക്കുക.
തലമുടി വളരും.
• കയ്യോന്നിച്ചാറിൽ ചെറുതിപ്പലിപ്പൊടിയും തേനും ചേർത്ത് കഴിക്കുന്നത് ചുമക്കും ശ്വാസം മുട്ടലിനും നന്ന്.
• കാമിലക്ക് കയ്യോന്നി സമൂലമരച്ച് പാലിൽ കലർത്തി സേവിക്കുന്നത് നല്ലതാണ്.
• കയ്യോന്നിച്ചാറ്, മൂന്നുതുള്ളി വീതം മൂക്കിൽ നസ്യം ചെയ്യുന്നത് കഫം, സൈനസൈറ്റിസ്, പതിവായ തലവേദന എന്നിവക്ക് നല്ലതാണ്.
• കയ്യോന്നിച്ചാറിൽ കോട്ടം, ഇരട്ടിമധുരം, അഞ്ജനക്കല്ല് ഇവ കൽക്കമായി എണ്ണയോ വെളിച്ചെണ്ണയോ കാച്ചിത്തേച്ചാൽ തലവേദനയും മുടികൊഴിച്ചിലും ശമിക്കും.
• കയ്യോന്നി, പച്ചനെല്ലിക്ക, അമൃത് ഇവ വെള്ളം തളിച്ച് ഇടിച്ചുപിഴിയുക. അതിൽ കോട്ടം, ഇരട്ടിമധുരം, അഞ്ജനക്കല്ല് ഇവ കല്ക്കമായി എണ്ണ കാച്ചി ചെളിപ്പാകത്തിൽ എണ്ണയുടെ ഇരട്ടി പശുവിൻപാൽ ചേർത്ത് വീണ്ടും കാച്ചി മണൽപ്പാകത്തിൽ അരിച്ച് തലയിൽ തേച്ചുകുളിക്കുന്നത് തലവേദനക്കും നേത്രരോഗത്തിനും ദന്തരോഗങ്ങൾക്കും അത്യുത്തമമാണ്.
• സ്വരസാദത്തിന് കയ്യോന്നി അരിയും ചെറുതിപ്പലിയും വറുത്തുപൊടിച്ച് കൽക്കണ്ടം ചേർത്ത് കഴിക്കുക.
• ഒരു തുടം കയ്യോന്നിച്ചാറിൽ ഒരു മുട്ടയും ഒരു നുള്ള് അയമോദകപ്പൊടിയും ചേർത്ത് പലഹാരമാക്കി ദിവസവും കൊടുക്കുന്നത് കുട്ടികളുടെ വിളർച്ചക്കു നല്ലതാണ്.
• കയ്യോന്നിയുടെ ഇലയും എള്ളും കൂടി അരച്ച് വെണ്ണയിൽ ചേർത്ത് സേവിച്ചാൽ മൂലക്കുരു ശമിക്കും.

22. കറ്റാർവാഴ

• വയറുവേദനക്കും അസിഡിറ്റിക്കും കറ്റാർവാഴ നീര് 5 മുതൽ 10 മി. ലി. വീതം ദിവസം രണ്ടു തവണ കഴിക്കുക.
• കറ്റാർവാഴപ്പോളനീരിൽ കടുക്കത്തോട് അരച്ച് കലക്കി ആവണക്കെണ്ണ ചേർത്ത് കാച്ചി എടുക്കുന്ന തൈലം കുട്ടികൾക്ക് മലബന്ധത്തിന് കൊടുക്കാവുന്നതാണ്.
• 6 ടീസ്പൂൺ കറ്റാർവാഴ നീര് തേനും കൂട്ടി ദിവസം മൂന്നു നേരമെന്ന തോതിൽ പത്ത് ദിവസം കഴിക്കുന്നത് ആർത്തവ സമയത്തെ വേദന ശമിപ്പിക്കുന്നു.
• തീപ്പൊള്ളലിനും മറ്റ് പൊള്ളലുകൾക്കും കറ്റാർ വാഴ കുഴമ്പ് പച്ചമഞ്ഞളുമായി ചേർത്ത് പുരട്ടുക.
• കറ്റാർവാഴകുഴമ്പ് പുരട്ടുന്നത് ത്വക്ക് മൃദുലമാക്കുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
• തലമുടി വളർച്ചക്കും കറുപ്പിനും വേണ്ടി ഇതിന്റെ പോളകൾ അറിഞ്ഞിട്ട് എണ്ണ മുറുക്കി തേക്കാം. കറ്റാർവാഴപ്പോളനീര് താളിയാക്കി തലയിൽ തേച്ച് കുളിച്ചാൽ മുടി വളരും. കറ്റാർവാഴപ്പോളച്ചാറിൽ, അഞ്ജനക്കല്ല് പൊടിച്ച് കൽക്കമാക്കി വെളിച്ചെണ്ണയും ചേർത്ത് കാച്ചി പുരട്ടുക. തലമുടി വളരുകയും കറുക്കുകയും ചെയ്യും.
• കറ്റാർവാഴയുടെ പച്ച നിറത്തിലുള്ള തൊലി മാറ്റിയെടുക്കുന്ന പൾപ്പ് വീഴ്ചയിലുണ്ടാകുന്ന നീരിന് പുറമെ വച്ചുകെട്ടുന്നത് ഫലപ്രദമാണ്.

23. കസ്തൂരിമഞ്ഞൾ

• ത്വക്ക് രോഗങ്ങൾക്ക് ഔഷധമാണ്. രോഗാണുക്കളിൽ നിന്ന് ചർമ്മത്തെ രക്ഷിക്കാനും ചർമ്മത്തിന് തിളക്കമുണ്ടാകാനും ഉപയോഗിക്കുന്നു.
• കസ്തൂരിമഞ്ഞൾപ്പൊടി പനിനീരിൽ അരച്ച് വെയിലത്ത് വച്ച് ചൂടാക്കി പതിവായി മുഖത്ത് പുരട്ടിയാൽ മുഖക്കുരു ഇല്ലാതാകും.
• കസ്തൂരിമഞ്ഞൾ പൊടിച്ച് തേനിൽ ചാലിച്ച് കലകളുള്ള ഭാഗങ്ങളിൽ രാത്രിയിൽ ഉറങ്ങുവാൻ കിടക്കുന്ന സമയത്ത് പതിവായി പുരട്ടുക. കലകൾ മായുന്നതാണ്.
• കസ്തൂരിമഞ്ഞൾ നല്ലതുപോലെ പൊടിച്ച് എണ്ണയിൽ ചാലിച്ച് നവജാതശിശുക്കളെ തേച്ച് കുളിപ്പിക്കുന്നത് രോഗാണുക്കളിൽ നിന്ന് ചർമ്മത്തെ രക്ഷിക്കുന്നതിനും ദേഹകാന്തി വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു.
• കസ്തൂരിമഞ്ഞൾപ്പൊടിയും പച്ചപ്പയറുപൊടിയും കൂടി കൂട്ടിക്കുഴച്ച് ശിശുക്കളുടെ ദേഹത്ത് പുരട്ടുന്നതും നല്ലതാണ്.
• തേൾ, പഴുതാര മുതലായ വിഷ ജന്തുക്കൾ കടിച്ചാൽ ആ ഭാഗത്ത് കസ്തൂരിമഞ്ഞൾ അരച്ചിടുക. അല്ലെങ്കിൽ കടിയേറ്റ ഭാഗത്ത് തുളസിയുടെ നീരിൽ കസ്തൂരിമഞ്ഞളരച്ച് പുരട്ടുക.

24. കാന്താരിമുളക്

• ഒരു ഗ്ലാസ് മോരിൽ രണ്ട് കാന്താരിമുളക് ഒരു തണ്ട് കറിവേപ്പിലയും ചേർത്തരച്ച് രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ശരീരത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കാം.

25. കാട്ടുപടവലം

• കാട്ടുപടവലത്തിന്റെ ഇലയുടെ നീര് എടുത്ത് തുടർച്ചയായി തേച്ചാൽ മുടികൊഴിച്ചിൽ ശമിക്കും.
• സമൂലം എടുത്ത് കഷായം വെച്ച് 2 നേരം കുടിച്ചാൽ ചർമ്മരോഗങ്ങൾ, മലബന്ധം, ജ്വരം എന്നിവക്ക് ഉത്തമമാണ്.
• തലവേദനക്ക് വേര് അരച്ച് നെറ്റിയിൽ പുരട്ടാവുന്നതാണ്.
• ഇല അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടിയാൽ വ്രണം പഴുത്ത് പൊട്ടുകയും, മുറിവ് പെട്ടന്ന് ഉണങ്ങുകയും ചെയ്യും.
• സമൂലം കഷായം വെച്ച് 20 മി.ലി. വീതം ലേശം തേൻ ചേർത്ത് കഴിച്ചാൽ മാറാത്ത ഉൾപ്പനി, പഴകിയ ത്വക്ക് രോഗം, രക്തപിത്തം, വിഷം എന്നിവ ശമിപ്പിക്കും.
• പട്ടി കടിച്ചാൽ കാട്ടുപടവലത്തിന്റെ ഇല അരച്ച് മുറിവിൽ വെക്കുക.

26. കിരിയാത്ത്

• കിരിയാത്ത് കഷായം വച്ചു കുടിക്കുന്നത് പനിക്ക് നല്ലതാണ്.
• വേര് ഉണക്കിപ്പൊടിച്ച് തേനും ചേർത്ത് കഴിക്കുന്നത് ചുമ, ഛർദ്ദി ഇവ ശമിപ്പിക്കും.
• കിരിയാത്ത് ചതച്ചിട്ട് വെള്ളം വെന്ത് പതിവായ് രാത്രി ഭക്ഷണശേഷം സേവിച്ചാൽ കൃമി നശിക്കും.
• കുട്ടികൾക്കുണ്ടാകുന്ന കരൾ വീക്കത്തിന് സമൂലം (പച്ച) ചതച്ച് പിഴിഞ്ഞ നീരിൽ ചെറുതേൻ ചേർത്ത് ദിവസം രണ്ട് തവണ കൊടുക്കുക.
• കിരിയാത്തും മല്ലിയും പൊടിച്ച് ഓരോ അളവ് വീതമെടുത്ത് 16 ഔൺസ് വെള്ളത്തിൽ കാച്ചി നാലിലൊന്നാക്കി, തേൻ മേമ്പൊടി ചേർത്ത് ദിവസേന രണ്ട് നേരം, രണ്ട് ഔൺസ് വീതം സേവിച്ചാൽ കരൾ സംബന്ധമായ അസുഖം കുറയും.
• അരറാത്തൽ അളവ് കിരിയാത്ത് ചതച്ച് ഇരുനാഴൂരി വെള്ളത്തിൽ കാച്ചിക്കുറുക്കി പകുതിയാക്കി ഓരോ ഔൺസ് 3 പ്രാവശ്യം വീതം ദിവസവും കഴിച്ചാൽ ദേഹത്തിന് ബലം കിട്ടും.
• കന്നുകാലികൾക്ക് പനിയുണ്ടായാൽ കിരിയാത്ത്, ചുക്ക്, കുരുമുളക്, പെരുംജീരകം ഇവ ആറുകഴഞ്ച് (30 ഗ്രാം) വീതം ചതച്ച് മൂന്നിടങ്ങഴി (4.25 ലി.) വെള്ളത്തിൽ വെന്ത് മുന്നാഴിയാക്കി നാഴി വീതം വെടിയുപ്പ് മേമ്പൊടി ചേർത്ത് കൊടുക്കുക.

27. കീഴാർനെല്ലി

• അരിമ്പാറ മാറുന്നതിന് പാലിൽ കീഴാർനെല്ലി അരച്ച് ചാലിച്ച് പുരട്ടുക.
• ആർത്തവസമയത്തെ വയറുവേദനയ്ക്ക് കീഴാർനെല്ലി സമൂലം വരട്ടു മഞ്ഞളും ചേർത്ത് കഴിക്കുക.
• അമിതമായി ആർത്തവം ഉണ്ടെങ്കിൽ കീഴാർനെല്ലി സമൂലം അരച്ചെടുത്ത കൽക്കം അരിക്കാടിയിൽ കലക്കി ദിവസം രണ്ടുനേരം വീതം കുടിക്കുക.
• മഞ്ഞപ്പിത്തത്തിന്റെ ചികിത്സയിൽ രോഗാവസ്ഥയനുസരിച്ച് കീഴാർനെല്ലി പാലിൽ അരച്ചു ചേർത്ത് കഴിക്കുന്നത് പ്രചുരപ്രചാരമുള്ള പ്രയോഗമാണ്. കീഴാർനെല്ലിവേര് 15 ഗ്രാം പശുവിൻ പാലിൽ അരച്ചു കലക്കി സമൂലം കഷായം വച്ച് ദിവസവും രണ്ടു പ്രാവശ്യം വീതം തുടർച്ചയായി നാലഞ്ചു ദിവസം സേവിക്കണം.
• കീഴാർനെല്ലിയുടെ അരി അരിക്കാടിയിൽ അരച്ച് സേവിക്കുന്നത് രക്തംപോക്ക്, വെള്ളപോക്ക് എന്നിവക്ക് നല്ലതാണ്.
• കീഴാർനെല്ലിയുടെ ഇല അരച്ചെടുത്ത് മുറിവിൽ വച്ച് കെട്ടിയാൽ മുറിവുണങ്ങുന്നതാണ്.
• കീഴാർനെല്ലി പറിച്ച് കഴുകി ചതച്ച് നീരെടുത്ത് മുലപ്പാൽ ചേർത്ത് കണ്ണിൽ ഒഴിക്കുക. ചെങ്കണ്ണ് മാറും.
• കീഴാർനെല്ലി ചതച്ച് താളിയാക്കി കുറേ ദിവസം ഉപയോഗിക്കുന്നത് താരനും, മുടികൊഴിച്ചിലിനും നല്ലതാണ്.
• മൂത്രക്കല്ല്, മൂത്രതടസ്സം എന്നിവക്ക് കീഴാർനെല്ലി കഷായം വച്ച് കഴിക്കുക.
• കീഴാർനെല്ലിയുടെ ചെടി സമൂലം പ്രമേഹത്തിന് ഗുണകരമാണ്.
• വേരും ഇലയും കഷായമാക്കി വായ്പുണ്ണിന് കവിൾ കൊണ്ടാൽ വായ്പുണ്ണ് രണ്ടാമത് ഉണ്ടാകാത്ത വിധം ശമിക്കുന്നതാണ്.
• കീഴാർനെല്ലിയുടെ ഇല 10 ഗ്രാം, കരയാമ്പു 2 ഗ്രാം കൂട്ടി മുലപ്പാലിൽ അരച്ച് നെറ്റിക്ക് പുരട്ടിയാൽ ശക്തിയായ തലവേദനക്ക് ആശ്വാസം ലഭിക്കും.
• കീഴാർനെല്ലി അരച്ച് വെണ്ണയിൽ ചാലിച്ച് വയറിന്മേൽ പുരട്ടിയാൽ കുട്ടികളുടെ മലബന്ധം മാറിക്കിട്ടും.
• കീഴാർനെല്ലി സമൂലം ഇടിച്ച് പിഴിഞ്ഞ നീരിൽ അതിന്റെ പകുതി എള്ളെണ്ണ ചേർത്ത് കാച്ചി തലക്ക് തേച്ചാൽ പിത്തം മൂലമുള്ള തലചുറ്റലും മൂർദ്ധാവ് പുകച്ചിലും ശമിക്കുന്നതായിരിക്കും.

28. കുടവൻ

• കുടവനും ജീരകവും ചതച്ചിട്ട് മോരുണ്ടാക്കി കഴിച്ചാൽ ദഹനരോഗങ്ങൾ ശമിക്കും.
• കുടവന്റെ ഇല അരച്ച് വെറും വയറ്റിൽ കഴിച്ചാൽ അർശസ്സ് കുറയും.
• ഓർമ്മക്കുറവുള്ളവർ കുടവന്റെ ഇല അരച്ച് കഴിക്കുന്നത് നല്ലതാണ്.
• കുടവന്റെ ഇല പറിച്ച് തണലിൽ ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് സേവിക്കുക. പഴകിയ ത്വക്ക് രോഗങ്ങൾ ശമിക്കും.
• ശബ്ദം തെളിയുവാനും തൊണ്ടവേദനക്കും കുടവന്റെ ഇലയും കുരുമുളകും കൂടി ഒരുമിച്ച് ചവച്ചിറക്കുക.
• കുടവന്റെ ഇലയും പച്ചമഞ്ഞളും കൂടി അരച്ചിട്ടാൽ പുഴുക്കടിക്കും, ചുണങ്ങിനും ശമനം കിട്ടും.
• കുടവന്റെ ഇലയും പച്ചമഞ്ഞളും ജീരകവും കൂടി അരച്ച് നെല്ലിക്കാവലിപ്പത്തിൽ ദിവസവും രാവിലെ പശുവിൻ പാലിൽ കലക്കി ഒരാഴ്ച്ച സേവിക്കുക. മഞ്ഞപ്പിത്തം നിയന്ത്രിതമാകും.
• കുടങ്ങലിന്റെ നീരോട് കൂടി കടമ്പയിൽപട്ട, നെയ്യ്, കരിംജീരകം, എന്നിവ അരച്ച് ചേർത്ത് ദേഹത്തുപുരട്ടിയാൽ തൊലിയിലുണ്ടാകുന്ന വിള്ളലുകൾ ശമിക്കും.
• വ്രണങ്ങൾക്ക് ഇതിന്റെ ഇല അരച്ച് പുരട്ടുകയോ വെളിച്ചെണ്ണയിൽ കാച്ചി പുരട്ടുകയോ ചെയ്യണം.
• കുട്ടികൾക്ക് കുടങ്ങളിന്റെ നീര് അര ഔൺസ് വീതം വെണ്ണചേർത്ത് കൊടുക്കുന്നത് അല്ലെങ്കിൽ നീരും കല്ക്കവുമെടുത്ത് നെയ്യുകാച്ചി 10 ഗ്രാം വീതം ദിവസവും കൊടുക്കുന്നത് ബുദ്ധിതെളിയുന്നതിന് നല്ലതാണ്.
• കുടങ്ങലിന്റെ ഇല മാത്രമായി നിഴലിലുണക്കി പൊടിച്ച് പതിവായി 5 ഗ്രാമ വരെ പാലിൽ ചേർത്ത് കഴിക്കുക. കഷായം വച്ച് പഞ്ചസാര ചേർത്ത് തിളപ്പിച്ച് സർബത്തുണ്ടാക്കി കുറേശെ സേവിക്കാം. ഓർമശക്തി വർധിക്കും.

29. കുരുമുളക്

• വെള്ളക്കയിൽ(മച്ചിങ്ങ) കുരുമുളക് പതിച്ച് കല്ലിലുരച്ചെടുത്ത് നെറ്റിയിൽ പൂശിയാൽ തലവേദന മാറും.
• തലമുടി വട്ടത്തിൽ കൊഴിയുന്നതിന് കുരുമുളകും ഉപ്പും സവാളയും ചേർത്തരച്ച് കുഴമ്പാക്കി രോമം കൊഴിയുന്ന ഭാഗത്ത് പുരട്ടി 3 മണിക്കൂർ കഴിഞ്ഞു കഴുകിക്കളയുക. ഒരു മാസം ചെയ്താൽ രോമം കിളിർക്കും.
• കുരുമുളക് പൊടി തേനും നെയ്യുമായ് ചേർത്ത് കഴിക്കുന്നത് എല്ലാത്തരം ചുമയ്ക്കും നല്ലതാണ്.
• പനി, ചുമ എന്നിവക്ക് കുരുമുളകും തിപ്പലിയും ചുക്കും കൂട്ടി തുല്യ അളവിൽ കഷായം വച്ച് കഴിക്കുക.
• കുരുമുളക് പൊടി മോരിലോ തൈരിലോ കലക്കി അൽപ്പം ശർക്കര ചേർത്ത് കഴിക്കുന്നത് പീനസത്തിന് ശമനം ഉണ്ടാക്കും.
• കുരുമുളകിന്റെ ഇലയും പുളിയിലയും ചേർത്ത് വെള്ളം തിളപ്പിച്ച് ആ വെള്ളത്തിൽ കുളിച്ചാൽ വാത സംബന്ധമായ വേദന ശമിക്കും.
• വാതത്തിന് എള്ളെണ്ണയിൽ കുരുമുളക് വാട്ടി, എണ്ണ സന്ധികളിൽ പുരട്ടുക.
• ഒച്ചയടപ്പിന് രണ്ടു മൂന്ന് കുരുമുളക് ഉപ്പു കൂട്ടി പലവട്ടം ചവച്ചിറക്കുക.
• ഒരു സ്പൂൺ കുരുമുളക് വെള്ളത്തിൽ കലർത്തി കഴിച്ചാൽ വയറിളക്കം ശമിക്കും.
• കുരുമുളകും ഉലുവയും ഇഞ്ചിയും കടുകെണ്ണയിട്ട് കാച്ചിയെടുത്താൽ അതൊരു നല്ല മസാജ് ഓയിലാണ്.
• ത്വക്ക് രോഗങ്ങൾക്ക് വെളിച്ചെണ്ണയിൽ കുരുമുളക് വറുത്ത് ആ വെളിച്ചെണ്ണ തൊലിപ്പുറത്ത് പുരട്ടുക.
• കുരുമുളകുകാപ്പി നീരിളക്കപ്പനി, ചുമ എന്നിവക്ക് കൈകണ്ട സിദ്ധഔഷധമാണ്.
• കുരുമുളകുകാപ്പി: കുരുമുളക്, ചുക്ക്, കൊത്തമല്ലി, ജീരകം, എന്നിവ ചതച്ചെടുത്ത് കുറച്ച് കൃഷ്ണതുളസിയിലയും പാകത്തിന് കരുപ്പട്ടിയും ചേർത്ത് കാപ്പിയുണ്ടാക്കി പലപ്രാവശ്യം സേവിക്കുക.
• കുരുമുളകുരസം: കുരുമുളക് ചതച്ചെടുത്ത് അത്രയും തന്നെ തുവരപ്പരിപ്പ് നെയ്യിൽ വറുത്തെടുത്ത് പൊടിച്ച് പാകത്തിന് ഉപ്പും, ചെറുനാരങ്ങാനീരും ചേർത്ത് പാത്രത്തിലാക്കി വെള്ളമൊഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. പാകമാവുമ്പോൾ നെയ്യിൽ വറുത്തെടുത്ത ജീരകം, കടുക്, ഉലുവ എന്നിവ പൊടിച്ച് ചേർക്കുക. വേണ്ടത്ര മല്ലിയിലയും കറിവേപ്പിലയുമിട്ടിറക്കി വച്ച് ഇളംചൂടോടു കൂടി ഉപയോഗിച്ചാൽ മഞ്ഞുകാലത്തും മഴക്കാലത്തും ജലദോഷം പിടിക്കുകയില്ല.
• ഭക്ഷണത്തിൽ കൂടി വയറ്റിൽ കടന്ന് കൂടുന്ന വിഷാംശത്തിനും, വീര്യം കൂടിയ മരുന്നുകൾ ഉപയോഗിക്കുന്നതിനാൽ ഉണ്ടായേക്കാവുന്ന പ്രതികരണങ്ങൾക്കും കുരുമുളക് ഏറെ നല്ലതാണ്.
• ആഹാരപദാർഥങ്ങളിൽ കുരുമുളക് ചേർത്ത് ഭക്ഷിക്കുന്നത് സിരകളും, ധമനികളും അടയാതിരിക്കുന്നതിനും രക്തം കട്ടപിടിക്കാതിരിക്കുന്നതിനും വളരെ നല്ലതാണ്.

30. കുമ്പളങ്ങ

• കഫവും മറ്റു മാലിന്യങ്ങളും പുറം തള്ളുവാൻ സഹായിക്കുന്ന ഉത്തമ ക്ഷാരമാണ് കുമ്പളങ്ങ, വാഴപ്പിണ്ടി എന്നിവയുടെ നീര്.
• കുമ്പളങ്ങക്ക് അസിഡിറ്റി ഇല്ലാതാക്കുവാനും കുടൽകൃമികളെ നശിപ്പിക്കുവാനും കഴിയും.
• കുമ്പളങ്ങ ഇടിച്ചുപിഴിഞ്ഞ നീര് ദിവസവും രാവിലെ കഴിച്ചാൽ അപസ്മാരത്തിന് കുറവ് കിട്ടും.
• കുമ്പളങ്ങ പിഴിഞ്ഞെടുത്ത തനി നീരിൽ ചെറുതേൻ ചേർത്ത് അത്താഴശേഷം കഴിച്ചാൽ നല്ല ഉറക്കം കിട്ടും.

31. കുറുന്തോട്ടി

• കുറുന്തോട്ടിവേര് കഷായം വച്ച് കുടിക്കുന്നത് വാതത്തിന് നല്ലൊരു ഔഷധമാണ്.
• കുറുന്തോട്ടിക്കഷായം എള്ളെണ്ണയുമായി കലർത്തി സന്ധികളിൽ പുരട്ടുന്നത് പേശിവേദന കുറയ്ക്കും.
• വണ്ണം വയ്ക്കാൻ, പച്ച കുറുന്തോട്ടി സമൂലം ഇടിച്ച് പിഴിഞ്ഞ് അരിച്ചെടുത്ത് അതിൽ കഞ്ഞിവെച്ച് പാലിൽ ചേർത്ത് കുടിക്കുക.
• മുടികൊഴിച്ചിലിനു കുറുന്തോട്ടിയില ചതച്ച് താളിയാക്കി ഉപയോഗിക്കുക.
• ആർത്തവകാലത്തെ അധിക രക്തസ്രാവത്തിന് കുറുന്തോട്ടിവേര് പൊടിച്ച് തേനിൽ ചേർത്ത് പാലിൽ കലക്കി കഴിക്കുക.
• കുറുന്തോട്ടിവേര് അരച്ച് പാലും എണ്ണയും ചേർത്ത് കാച്ചുന്ന തൈലം തലയിൽ പതിവായി തേച്ചാൽ വാതരോഗം ശമിക്കും.
• കുറുന്തോട്ടിവേര് കഷായം വച്ച് രണ്ടുനേരം പതിവായി കഴിച്ചുകൊണ്ടിരുന്നാൽ അസ്ഥി സ്രാവം മാറും.

32. കൂവളം

• കൂവളത്തിൻകായയുടെ മജ്ജ ഇരട്ടി ശുദ്ധജലവും, പഞ്ചസാരയും കൂട്ടിക്കലർത്തി അതിൽ നിന്ന് രണ്ട് ഔൺസ് വീതം മൂന്നു നേരം സേവിക്കുന്നത് രക്താർശസ്സിന് നല്ലതാണ്.
• കൂവളക്കാ മജ്ജ ഉണക്കിപ്പൊടിച്ച് ചൂർണ്ണം മൂന്നു മുതൽ പത്തുഗ്രാം വരെ തേനിൽ കലർത്തി മൂന്നു നേരം സേവിക്കുന്നത് വയറുകടിക്ക് നല്ലതാണ്.
• പ്രമേഹത്തിന് കൂവളത്തില നീര് 15 മി. ലി. രാവിലെ സേവിക്കുക.
• പഴുത്ത കൂവളക്കായുടെ മജ്ജ ഗ്രാമ്പൂ പൊടിച്ചതും ചേർത്ത് സേവിച്ച് മീതെ പാൽ കുടിച്ചാൽ വെള്ളപോക്ക് നിയന്ത്രിതമാകും.
• ചെവിവേദന, ചെവിപഴുപ്പ് എന്നിവക്ക് ഇല ഇടിച്ചുപിഴിഞ്ഞ നീരിൽ എണ്ണ കാച്ചി ചെവിയിൽ ഒഴിക്കാം.

33. കൊച്ചിക്കൂവ

• കൂവനൂറ് അതിസാരം, ദഹനക്കേട്, ചുമ എന്നിവക്ക് മരുന്നായി ഉപയോഗിക്കാം.

34. കൊത്തമല്ലി

• തലവേദനക്ക് കൊത്തമല്ലി പനിനീരിൽ അരച്ച് നെറ്റിയിൽ പുരട്ടുക. നിറുകയിൽ തളം വക്കുക.
• തൊണ്ടവേദന, നീരുവീഴ്ച്ച, ഒച്ചയടപ്പ് എന്നിവക്ക് കൊത്തമല്ലി കഷായം ഫലം ചെയ്തു കാണാറുണ്ട്.
• കൊത്തമല്ലിയും ബാർലിയും സമം എടുത്ത് വെളിച്ചെണ്ണയിൽ അരച്ച് പുരട്ടിയാൽ വ്രണങ്ങൾ വടുവില്ലാതെ ഉണങ്ങികിട്ടും.
• കൊത്തമല്ലി, നറുനീണ്ടിക്കിഴങ്, ജീരകം ഇവ സമമെടുത്ത് സമം ശർക്കരയും ചേർത്തിടിച്ച് നെല്ലിക്കാവലുപ്പത്തിൽ ഉരുളകളാക്കി ഓരോ ഉരുളവീതം രാവിലെയും വൈകിട്ടും കഴിച്ചാൽ അസ്ഥിസ്രാവം, ചുട്ടുനീറ്റൽ, ശരീരത്തിലെ വിഷാംശം എന്നിവ ശമിക്കും.
• മല്ലിയിലയും ഇഞ്ചിയും കൂട്ടിയരച്ചുണ്ടാക്കിയ ചമ്മന്തി ഭക്ഷണത്തിന്റെ കൂടെ ഉപയോഗിച്ചാൽ വായുകോപം, വിരദോഷം എന്നിവ ശമിക്കുന്നതാണ്.
• അമിതമായ ദാഹത്തിന് തലേ ദിവസം വൈകുന്നേരം കൊത്തമല്ലി ചതച്ച് വെള്ളത്തിലിട്ട് മൂടി വച്ചിരുന്ന് പിറ്റേ ദിവസം രാവിലെ ആ വെള്ളം ഊറ്റിയെടുത്ത് പഞ്ചസാരയും ചേർത്ത് സേവിക്കുക.
• അതിസാരത്തിന് കൊത്തമല്ലി കഷായത്തിൽ നെയ്യ് കാച്ചി കഴിക്കുക.
• തലവേദനക്ക് മല്ലിയില ചന്ദനവും ചേർത്തരച്ചെടുത്ത് നെറ്റിയിലും ചെന്നിയിലും ലേപനം ചെയ്യുക.
• വിരദോഷത്തിന് മല്ലിയില 5 ഗ്രാം, പൊതിനയില 5 ഗ്രാം, ഇവ എട്ട് ഔൺസ് വെള്ളത്തിൽ കഷായമിട്ടു വറ്റിച്ച് നാല് ഔൺസാക്കി സേവിക്കേണ്ടതാണ്.
• വായ്പുണ്ണിന് കൊത്തമല്ലിക്കഷായം സേവിക്കുകയും കവിൾക്കൊള്ളുകയും ചെയ്യുക.
• കൂടെക്കൂടെ മല്ലിയില ചവച്ചരച്ച് തുപ്പിയാൽ മോണപഴുക്കുന്നതും പല്ല് ദ്രവിക്കുന്നതും നിയന്ത്രിതമാകും.
• ഓക്കാനം, വായിൽ വെള്ളമൂറുക, വായിൽ കയ്പ്പ് രസം തോന്നുക, തല ചുറ്റുക മുതലായ രോഗങ്ങൾക്ക് ഒരു ഗ്ലാസ് മോരിൽ രണ്ട് ടീസ്പൂൺ മല്ലിയില ചതച്ചുപിഴിഞ്ഞെടുത്ത നീര് കൂട്ടി പല പ്രാവശ്യം സേവിക്കുന്നത് ഫലപ്രദമാണ്.
• ഉദാരസംബന്ധമായ രോഗങ്ങൾക്ക് കൊത്തമല്ലി, ജീരകം, ഏലക്കായ എന്നിവ സമമായി ഉണക്കിപ്പൊടിച്ചെടുത്ത് തേനിൽ ചാലിച്ച് ആഹാരത്തിന് ശേഷം സേവിച്ചാൽ മതി.
• സന്ധിവീക്കത്തിന് കുറച്ച് കൊത്തമല്ലിപ്പൊടി നല്ലെണ്ണയിൽ ചാലിച്ച് ചൂടാക്കി നീരും വീക്കവുമുള്ള ഭാഗത്ത് ചെറുചൂടോടെ വച്ചുകെട്ടുക.
• 2 ടീസ്പൂൺ കൊത്തമല്ലി, ഒരു ഏലക്കയുടെ തരി ഇവ കുഴമ്പുരൂപത്തിൽ അരച്ചെടുത്ത് പഞ്ചസാര വിതറി ഇടയ്ക്കിടെ കഴിക്കുന്നത് ഗർഭകാലത്തുണ്ടാകുന്ന ഛർദ്ദിക്ക് ഫലപ്രദമാണ്.

35. കോവൽ

• കയ്പൻ കോവലിന്റെ കായും ഇലയും ഇടിച്ച് പിഴിഞ്ഞെടുത്ത് നീര് കുടിക്കാമെങ്കിൽ വായ്പുണ്ണ് ഇല്ലാതാകും.
• നീര് (സമൂലം പച്ച) 10 മി. ലി. വീതം രാവിലെയും വൈകിട്ടും കുടിച്ചാൽ പ്രമേഹത്തിന് ശമനമുണ്ടാകും. ഈ ഔഷധം തുടർന്ന് കുറെ നാളുകളിൽ കുടിക്കണം.
• കയ്പൻകോവലിന്റെ ഇലയുടെ സ്വരസവും ഇല അരച്ച കൽക്കവും ചേർത്ത് എണ്ണ കാച്ചി പുറമെ പുരട്ടിയാൽ ചർമ്മ രോഗങ്ങൾക്ക് കുറവ് കിട്ടുന്നതാണ്.

36. ഗ്രാമ്പു

• ഗ്രാമ്പുവിട്ട് തിളപ്പിച്ചാറിയ വെള്ളം കുടിച്ചാൽ ഗ്യാസ് ട്രബിളിന് ശമനം കിട്ടുന്നതാണ്.
• ഗ്രാമ്പു പൊടിച്ച് ദിവസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം സേവിച്ചാൽ വിശപ്പുണ്ടാകും.
• ഗ്രാമ്പു വായിലിട്ട് ചവച്ചാൽ ഛർദ്ദി ഉണ്ടാകുകയില്ല.
• ഗ്രാമ്പു ചതച്ചു പല്ലിടുക്കിൽ വച്ചാൽ പല്ല് വേദന ശമിക്കുന്നതാണ്.
• ഗ്രാമ്പൂ ഇലയിട്ട് വെള്ളം തിളപ്പിച്ച് കവിൾ കൊള്ളുക. വായ്പുണ്ണ്, മോണവീക്കം എന്നിവ ശമിക്കും.
• വയറു കടിക്കും വയറിളക്കത്തിനും ഗ്രാമ്പൂ ചതച്ച് കഷായം വച്ച് കഴിക്കുക .
• ഗ്രാമ്പൂ ചതച്ച് വെള്ളത്തിൽ തിളപ്പിച്ച് കുടിച്ചാൽ ദഹനക്കേട് കൊണ്ടുള്ള വയറുവേദന കുറയും.
• ഗ്രാമ്പൂ വളരെ കുറഞ്ഞ അളവിൽ മാത്രമേ പ്രയോഗിക്കാവൂ.

37. ചങ്ങലംപരണ്ട

• ചങ്ങലംപരണ്ട ഇടിച്ച് നീരിൽ അതുതന്നെ കൽക്കമായ് അരച്ച് കലക്കി നല്ലെണ്ണയും ചേർത്ത് മെഴുകു പാകത്തിൽ അരിച്ചെടുത്ത എണ്ണ ഒടിവിനും ചതവിനും പുറമെ പുരട്ടാൻ ശുപാർശ ചെയ്യുന്നു.
• തണ്ടും ഇലയും തണലിൽ ഉണക്കിപ്പൊടിച്ച് പൊടി 3 മുതൽ 6 ഗ്രാം വരെ ദിവസം രണ്ടുനേരം പതിവായി കഴിച്ചാൽ വിശപ്പില്ലായ്മ, അരുചി, ദഹനക്കുറവ് ഇവ മാറിക്കിട്ടും.
• ഈ സസ്യത്തിന്റെ നീരും (10 മി. ലി.) സമം തേനും ചേർത്ത് ദിവസം രണ്ടു നേരം വീതം കുറേശെ കഴിച്ചാൽ ആർത്തവം ക്രമമാകും.
• ചങ്ങലംപരണ്ടകൊണ്ടുള്ള അച്ചാർ ഉപയോഗിക്കുന്നതും, ചങ്ങലംപരണ്ട അരച്ച് പാല് ചേർത്ത് കഞ്ഞിയായ് കഴിക്കുന്നതും രക്താർശസ്സിനും അതിസാര രോഗങ്ങൾക്കും നല്ലതാണ്.
• ചങ്ങലംപരണ്ട വാട്ടിപ്പിഴിഞ്ഞ നീരെടുത്തു ചൂടാക്കി ചെറുചൂടോടെ ചെവിയിലൊഴിക്കുന്നത് ചെവി വേദനക്ക് നല്ലതാണ്.
• ചങ്ങലംപരണ്ട നീര് നാലിടങ്ങഴി എണ്ണയും ആവണക്കെണ്ണയും കൂടി ഒരിടങ്ങഴി എടുത്ത് ഇതിൽ ചങ്ങലംപരണ്ട 64 ഗ്രാം അരച്ച് ചേർക്കുക. കാച്ചി ചെളി പാകത്തിൽ ഒരു രാത്രി വക്കുക. വീണ്ടും കാച്ചി അരക്കു പാകത്തിൽ അരിച്ചെടുക്കുക. ഇത് നട്ടെല്ലിന് കുറേശെ തലോടുക. മാറാത്ത നടുവ് കഴപ്പ്, നട്ടെല്ലു അകലുന്നത് കൊണ്ടുള്ള വേദന ഇവ ശമിക്കും.
• ചങ്ങലംപരണ്ടയുടെ തണ്ട് ഇടിച്ച് പിഴിഞ്ഞ് നീരെടുത്ത് അതിൽ 4 : 1 അനുപാതത്തിൽ എണ്ണ ചേർത്ത് കാച്ചി പുരട്ടിയാൽ അസ്ഥിസന്ധികൾക്കുണ്ടാകുന്ന വേദന കുറയുകയും നീര് ശമിക്കുകയും ചെയ്യും.

38. ചിറ്റമൃത്

• വ്യക്കരോഗങ്ങൾക്ക് ചിറ്റമൃതിൻ നീര് കുറഞ്ഞ അളവിൽ രാവിലേയും വൈകിട്ടും കഴിക്കുക.
• ചിറ്റമൃതിൻ നീരും നെല്ലിക്കനീരും മഞ്ഞൾപ്പൊടിയും ചേർത്ത് കഴിച്ചാൽ പ്രമേഹനിയന്ത്രണത്തിന് നല്ലതാണ്.
• ദഹനക്കേടിന് ചിറ്റമൃതിൻ നീരും ചുക്കും ചേർത്ത് കഴിക്കുക.
• ഛർദ്ദി നിയന്ത്രിക്കാൻ ചിറ്റമൃത് കഷായം വച്ചതും തേനും ചേർത്ത് കഴിക്കുക.
• ചിറ്റമൃതിന്റെ തണ്ട് കഷായം വച്ചത് ഒരു കപ്പു വീതം ദിവസം രണ്ടു തവണ 7 മുതൽ 21 ദിവസം വരെ തുടർച്ചയായി കഴിക്കുന്നത് കരൾ സംബന്ധമായ അസുഖങ്ങൾക്ക് ഫലപ്രദമാണ്.
• ആടലോടകം, ചിറ്റമൃത്, ആര്യവേപ്പിന്റെ തൊലി എന്നിവ ചതച്ച് എണ്ണകാച്ചി ഉപയോഗിക്കുന്നത് ത്വക് രോഗങ്ങൾക്ക് നല്ലതാണ്.
• ഉഷ്ണത്തിനും ചുട്ടുനീറ്റലിനും അമ്യതിന്റെ സ്വരസത്തിൽ പഞ്ചസാരചേർത്തു സേവിക്കുക അല്ലെങ്കിൽ അമൃത് ചതച്ച് വെള്ളത്തിൽ കലക്കി അടിയിൽ ഊറുന്ന നൂറ് വെയിലിൽ ഉണക്കി എടുത്ത പൊടി 500mg അളവിൽ പശുവിൻ പാല് കലർത്തി സേവിക്കുക. വൈദ്യനിർദ്ദേശമനുസരിച്ച് മാത്രം പ്രയോഗിക്കുക.
• പനിക്ക് അമ്യത് ചതച്ചിട്ട് തിളപ്പിച്ചാറിയ വെളളം കൂടെക്കൂടെ പാനം ചെയ്യുക.
• കാമിലയ്ക്ക് അമ്യത് ചതച്ച് നല്ലതുപോലെ അരച്ച് തേൻ ചേർത്ത് രാവിലെ വെറും വയറ്റിൽ സേവിക്കുക.
• കാച്ചിയാറിയ പാലിൽ അമ്യത് ഇടിച്ചുപിഴിഞ്ഞെടുത്ത നീരുകലർത്തി സേവിക്കുന്നത് രക്തവാതത്തിന് നല്ലതാണ്.
• വാതം മൂലമുണ്ടാകുന്ന സന്ധിവീക്കം, വേദന എന്നിവയ്ക്ക് അമ്യതും എളളും ഉഴുന്നും സമമെടുത്തരച്ച് വേദനയുളള ഭാഗത്ത് പുരട്ടുക.

39. ചുവന്നുള്ളി

• രക്താർശ്ശസുളളവർ നെയ്യിൽ ചുവന്നുള്ളി മൂപ്പിച്ചുകഴിക്കുന്നത് നല്ലതാണ്.
• ചൊറി, വ്രണം, വിഷജന്തു കടിച്ച മുറിവുകൾ ഇവയ്ക്ക് വെളിച്ചെണ്ണയിൽ ഉള്ളി ചതച്ചിട്ട് കാച്ചി തേയ്ക്കുക.
• ഇഞ്ചിനീരും ചുവന്നുള്ളിനീരും സമമെടുത്ത് തേനും ചേർത്തു കഴിച്ചാൽ പനി, ചുമ, ശ്വാസംമുട്ടൽ ഇവ ശമിക്കും.
• ചുവന്നുളളി ആവണക്കെണ്ണ ചേർത്ത് മെഴുക്കുവരട്ടി വച്ച് ഉപയോഗിച്ചാൽ വായ്പ്പുണ്ണ് ശമിക്കും.
• ചീരയും ചുവന്നുള്ളിയും ചേർത്തു വേവിച്ച് അതിന്റെ ചാറ് ഉപ്പ് ചേർത്ത് കഴിക്കുന്നതും കവിൾകൊള്ളുന്നതും വായ്പ്പുണ്ണിനു നല്ലതാണ്.
• ചുവന്നുള്ളി ചതച്ചിട്ട വെളിച്ചെണ്ണ മുറുക്കി തേച്ചാൽ ചർമ്മരോഗങ്ങൾ ശമിക്കും.
• മുറിവുകളിൽ ചുവന്നുള്ളി അരച്ചോ ചതച്ചോ വച്ചുകെട്ടുന്നത് മുറിവ് കരിയാൻ നല്ലതാണ്.
• ഉള്ളിമുറിച്ച് അരിമ്പാറയിൽ തേച്ചാൽ അരിമ്പാറ ശമിക്കാൻ നല്ലതാണ്.
• ചുവന്നുള്ളി വറുത്ത് ജീരകം, കൽക്കണ്ടം, പശുവിൻ നെയ്യ് ഇവ ചേർത്തുകഴിക്കുന്നത് അർശസ്സിന് ഫലപ്രദം.
• ആർത്തവ സംബന്ധമായ വിഷമതകൾക്കും അതുമൂലമുണ്ടാകുന്ന നടുവേദനക്കും 5 ചുവന്നുള്ളി വെള്ളത്തിൽ തിളപ്പിച്ച് കൽക്കണ്ടവും ചേർത്തു ചെറുചൂടോടെ ദിവസം രണ്ടു നേരം കഴിക്കുക
• പ്രാണികൾ കടിച്ചിടത്ത് ഉള്ളിനീര് തേച്ചാൽ ചൊറിച്ചിലുണ്ടെങ്കിൽ ശമിക്കും.
• ഉള്ളിനീരും കടുകെണ്ണയും ചേർത്തു പുരട്ടുന്നത് വാതം മൂലമുണ്ടാകുന്ന വേദനയ്ക്ക് നല്ലതാണ്
• ചുവന്നുള്ളി തേനിൽ അരച്ചു പുരട്ടിയാൽ രോമം പൊഴിയുന്നതു കുറയും.
• പല്ലുവേദനയുള്ളിടത്ത് ഒരു കഷണം ഉള്ളി ചതച്ചുവക്കുന്നതു വേദന ശമിക്കുന്നതിനുപകരിക്കും.
• ചുട്ട ഉള്ളി പരുവിനു വച്ചുകെട്ടാൻ ഉപയോഗിക്കാം.
• ചുവന്നുള്ളിയുടെ നീരിനു തുല്യം തേൻ ചേർ ത്ത് കഴിക്കുന്നത് രക്തത്തിലെ കൊഴുപ്പിന്റെ അളവിനെ നിയന്ത്രിക്കുന്നതിനു നല്ലതാണ്.

40. ചെറൂള

• ചെറൂളവേരിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നത് മൂത്രച്ചൂടിനും മൂത്രതടസത്തിനും നല്ലതാണ്.
• ചെറൂളയുടെ പൂക്കളും വേരും കുഴമ്പു പരുവത്തിലാക്കി നെറ്റിയിൽ പുരട്ടുന്നത് തലവേദന ശമിപ്പിക്കും.
• മൂത്രാശയക്കല്ലിന് ചെറുളയിട്ടു വെന്ത വെള്ളം കുടിക്കുക.
• ചെറൂളയും കടുക്കയും അരച്ച് പാലിൽ ചേർ ത്ത് കുടിക്കുന്നത് വിളർച്ചക്ക് നല്ലതാണ്.
• മൂത്രത്തടസ്സംകൊണ്ടുണ്ടാകുന്ന നീരിന് ചെറൂളവേരിട്ട് തിളപ്പിച്ച വെള്ളം ഇടക്കിടെ കുടിക്കുന്നത് നല്ലതാണ്.

41. ചെമ്പരത്തി

• അസ്ഥിസ്രാവത്തിന് ഒരു പിടി ചെമ്പരത്തി മൊട്ട് പാലിൽ അരച്ചുകലക്കി കഴിക്കുക.
• തീപൊള്ളലിന് ചെമ്പരത്തിപ്പൂക്കൾ പിഴിഞ്ഞെടുത്ത ചാറ് പുരട്ടുക.
• ആർത്തവകാലത്തെ അധിക രക്തസ്രാവത്തിന് ചെമ്പരത്തിപ്പൂവ്/ പൂമൊട്ട് അരച്ച് എണ്ണയിൽ സേവിക്കുക; അല്ലെങ്കിൽ പാലിൽ ചേർത്തു കുടിക്കുക.
• മുടി വളരാൻ ചെമ്പരത്തിയിലയും പൂവും വെളിച്ചെണ്ണയിലിട്ടു കാച്ചി നിത്യവും തലയിൽ തേച്ചുകുളിക്കുക.
• ചെമ്പരത്തിയിലയും പൂവും ചതച്ച് തലയിൽ തേച്ച് പിടിപ്പിച്ച് മുടി നിത്യേന കഴുകുക. മുടിയുടെ ആരോഗ്യവും നിറവും നന്നാകും. മുടി കൊഴിച്ചിൽ മാറും.
• ചൊറി, ചിരങ്ങ്, ചെറിയ മുറിവുകൾ ഇവ മാറിക്കിട്ടാൻ ചെമ്പരത്തിപ്പൂവ് അരച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടുന്നതു നല്ലതാണ്.

42. ജാതി

• വയറുവേദന, ദഹനക്കേട് എന്നിവയ്ക്ക് ജാതിക്ക പൊടിച്ച് തേനും ചേർത്ത് ദിവസം മൂന്ന് നേരം തുടർച്ചയായി രണ്ടു മൂന്നു ദിവസം കഴിക്കുക.
• ഉറക്കമില്ലായ്മക്ക് ജാതിക്ക അരച്ച് പാലിൽ ചേർത്ത് കഴിക്കുക.
• ജാതിക്ക ഉപയോഗിച്ചുണ്ടാക്കിയ ശീതള പാനീയം ദാഹം ശമിപ്പിക്കുന്നതോടൊപ്പം ഓക്കാനം, ഛർദ്ദി ഇവയെ ശമിപ്പിക്കുന്നു.
• ജാതിക്ക കുഴമ്പുരൂപത്തിൽ പാലിൽ അരച്ചു പുരട്ടിയാൽ മുഖത്തെ കലകളും നിറവ്യത്യാസവും മാറിക്കിട്ടും. കാലിലെ വിണ്ടു കീറലിനും ഇത് ഫലപ്രദമാണ്.
• തലവേദന, പേശിവേദന എന്നിവയ്ക്ക് ജാതിക്ക കുഴമ്പു പുരട്ടുന്നത് നല്ലതാണ്.
• ജാതിയുടെ പട്ട കഷായം വച്ചുകുടിക്കുന്നത് വയറിളക്കത്തിന് നല്ലതാണ്.
• വിശപ്പില്ല്ലായ്മക്ക് ജാതിക്ക അരച്ച് തേൻ ചേർത്ത്കഴിക്കുക.
• ജാതിക്കാപ്പൊടി പഞ്ചസാര ചേർത്തു സേവിച്ചാൽ ചുമയും ശ്വാസവിമ്മിട്ടവും മാറും.
• ജാതിക്കായും ഇന്തുപ്പും കൂടി പൊടിച്ച് പല്ലുതേച്ചാൽ പല്ലുവേദന ശമിക്കുന്നതാണ്.
• ജാതിക്കാ പൊടിച്ച് തേനിൽ ചാലിച്ചു കഴിച്ചാൽ അതിസാരം നില്ക്കും.
• ഗർഭകാലത്ത് ജാതിക്കയുടെ പ്രയോഗം അരുത്.

43. ജീരകം

• ജീരകവും ചുക്കും സമമെടുത്ത് ഉണക്കി പൊടിച്ചെടുത്ത് അൽപം തേനും ചേർത്തുകഴിച്ചാൽ ചുമ ശമിക്കും.
• തുളസിയില ഇടിച്ചുപിഴിഞ്ഞെടുത്ത നീരിൽ ജീരകം അരച്ചുകലക്കി എണ്ണകാച്ചി തലയിൽ തേച്ചാൽ തുമ്മൽ ശമിക്കും.
• ജീരകം വറുത്തുപൊടിച്ചു തേൻ ചേർത്തുപയോഗിച്ചാൽ കൃമിശല്യം, വയറുവേദന, ചർദ്ദി ഇവ മാറിക്കിട്ടും.
• ജീരകം, ചുക്ക്, ഇന്തുപ്പ്, തിപ്പലി, കുരുമുളക് ഇവ സമമെടുത്തു പൊടിച്ച് ഭക്ഷണത്തിനു ശേഷം കഴിച്ചാൽ നല്ല ദഹനമുണ്ടാകും.
• ജീരകമിട്ടുതിളപ്പിച്ച വെള്ളം ദഹനത്തെ സഹായിക്കും.
• ഒരു ടീസ്പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് അതിൽ ഒരു ടീസ്പൂൺ മല്ലിയിലനീര് അൽപം ഉപ്പുചേർത്ത് ദിവസം രണ്ടുനേരം ആഹാരത്തിനുശേഷം കഴിച്ചാൽ ഗർഭകാലത്തെ ഛർദ്ദി, ദഹനക്കുറവ്, വായുകോപം ഇവ ശമിക്കും.
• ഭക്ഷണത്തിനുശേഷം ജീരകം ചവച്ചിറക്കുന്നതു ദന്തക്ഷയവും മലബന്ധവും ശമിപ്പിക്കും.
• തേൾകടിച്ച ഭാഗത്തു ജീരകം ഉള്ളിനീരിൽ അരച്ചു പുരട്ടിയാൽ വേദന ശമിക്കും.
• കറിവേപ്പില നീരിൽ ജീരകം അരച്ചു പുരട്ടുന്നതു തൊണ്ടവീക്കത്തിനു നല്ലതാണ്.
• ജീരകവും ചന്ദനവും മഞ്ഞളും ചേർത്തരച്ചുണ്ടാക്കുന്ന കുഴമ്പു മുഖത്തുലേപനം ചെയ്താൽ മുഖകാന്തി വർദ്ധിക്കും.

44. ഞവര

• ഞവരയരി പാലിൽ കുതിർത്ത് കഴിക്കുന്നത് മൂലക്കുരുവിനു ഒരു സിദ്ധൗഷധമായി കരുതപ്പെടുന്നു.
• ശരീരത്തിന്റെ തൊലിപ്പുറത്തുണ്ടാകുന്ന സോറിയാസിസ് പോലുള്ള അസുഖങ്ങൾ, വയറിലുണ്ടാകുന്ന അൾസർ, പോളിയോ എന്നിവയ്ക്കും പാമ്പുകടിയേറ്റ ഭാഗത്തെ വേദന ശമിപ്പിക്കുന്നതിനും ഞവരയരി ഉപയോഗിക്കുന്നു.
• ഞവരയുടെ വേര് കൊണ്ടുള്ള കഷായം മൂത്രാശയ രോഗങ്ങൾക്ക് ഉത്തമമാണ്.

45. തഴുതാമ

• തഴുതാമ സമൂലം അരച്ച് 3 ഗ്രാം മുതൽ 6 ഗ്രാം വരെ ദിവസം രണ്ടുനേരം വീതം കഴിച്ചാൽ നീര് ശമിക്കും.
• തഴുതാമയുടെ ഇല തോരൻ വെച്ച് പതിവായി കഴിക്കുന്നത് ആമവാതം, അൾസർ, വായ്പുണ്ണ് എന്നീ രോഗങ്ങൾക്ക് നല്ലതാണ്.
• യുവത്വം നിലനിർത്തുന്നതിന് പുതിയ വേര് മുപ്പതു ഗ്രാം വീതമരച്ച് കാച്ചിയ പാലിൽ കലക്കി നിത്യേന സേവിക്കുക.
• നീരിന് തഴുതാമ വേര്, അമ്യത് എന്നിവ സമമെടുത്ത് കഷായം വച്ചുകുടിക്കുക. അല്ലെങ്കിൽ തഴുതാമ വേര് ഇടിച്ചുപിഴിഞ്ഞ് അതിൽ തഴുതാമ വേരുതന്നെ അരച്ചുകലക്കി കൽക്കമായി എണ്ണ കാച്ചി തലയിലും ദേഹത്തും തേയ്ക്കുക.
• കരൾരോഗങ്ങൾക്ക് തഴുതാമയുടെ ഇല ചീരവർഗ്ഗങ്ങൾ പാകം ചെയ്യുന്നതുപോലെ പാകം ചെയ്ത് പതിവായി ഉപയോഗിക്കുക.
• മൂത്രം പോകാൻ വിഷമമുള്ള പലഘട്ടങ്ങളിലും തഴുതാമവേര് കഷായംവച്ച് കഴിച്ചാൽ ഗുണകരമാണ്. പ്രത്യേകിച്ച് മൂത്രനാളീവീക്കം, പൗരുഷഗ്രന്ഥിവീക്കം, മൂത്രക്കല്ല് തുടങ്ങിയ രോഗങ്ങളിൽ ഈ കഷായം വളരെ ഫലം ചെയ്യും.
• ശരീരത്തിൽ ഉണ്ടാകുന്ന നീരിന് തഴുതാമയുടെ വേര് അരിക്കാടിയിൽ അരച്ചുപുരട്ടിയാൽ ഫലപ്രദമാണ്.
• ഉറക്കമില്ലായ്മ, രക്തവാതം, നേത്രരോഗങ്ങൾ എന്നിവയിലും തഴുതാമ കഷായം കഴിക്കുന്നത് ഫലപ്രദം.
• കാസശ്വാസം, മഞ്ഞപ്പിത്തം എന്നിവയ്ക്കും തഴുതാമകൊണ്ട് ശമനം ലഭിക്കും.

46. തക്കാളി

• തക്കാളി കഴിച്ചശേഷം മീതെ പാല് കുടിച്ച് ശീലിച്ചാൽ രാത്രിയിൽ നല്ല ഉറക്കം ലഭിക്കും. ശോധനയും ഉണ്ടാകും.
• ഒരു വയസുള്ള കുട്ടിക്ക് പഴുത്ത തക്കാളിയുടെ നീര് ഒരു ടീസ്പൂൺ വീതംദിവസം 3 നേരം കൊടുത്താൽ ശരീരവളർച്ചയക്കു നല്ലതാണ്.
• ദിവസവും ഓരോ കപ്പ് വീതം തക്കാളിസൂപ്പ് കഴിക്കുന്നത് ഹൃദ്രോഗബാധ സാധ്യത കുറയും.
• തക്കാളിനീരും മധുരനാരങ്ങാനീരും സമം ചേർത്ത് അരിപ്പൊടിയിൽ കുഴച്ച് മുഖത്ത് ലേപനം ചെയ്താൽ മുഖക്കുരു ശമിക്കും.

47. തിപ്പലി

• വരണ്ടചുമയ്ക്ക് ചുക്ക്, കുരുമുളക്, തിപ്പലി ഇവ സമമെടുത്ത് ഉണക്കിപ്പൊടിച്ച് ചെറുതേനിൽ ചേർത്തോ കല്ക്കണ്ടം പൊടിച്ചുചേർത്തോ പലവട്ടം കഴിച്ചാൽ കുറയും.
• തിപ്പലിയും കരുനൊച്ചിവേരും കൂടി കരിക്കിൻവെള്ളത്തിൽ അരച്ചുകലക്കി കുടിക്കുക. മൂത്രാശയത്തിൽ ഉണ്ടാകുന്ന കല്ല് ദ്രവിച്ചു പോകുന്നതിന് സഹായിക്കുന്നതാണ്.

48. തേയില

• നിയന്ത്രിത തോതിൽ നാഡികളെയും, ഹ്യദയത്തെയും ഉത്തേജിപ്പിക്കുന്നു.
• കൂടുതൽ കഴിച്ചാൽ മലബന്ധം, ഉറക്കക്കുറവ്, ഹ്യദയദൗർബല്യം ഇവ ഉണ്ടാക്കും.
• വയറിളക്കത്തിന് അര ഗ്ലാസ് കട്ടൻ ചായയിൽ അരഭാഗം ചെറുനാരങ്ങാ പിഴിഞ്ഞെടുത്ത നീരു യോജിപ്പിച്ച് കുടിച്ചാൽ പെട്ടെന്നു ശമനം ഉണ്ടാകും.
• വയറുവേദന, തലവേദന ഇവയ്ക്കു ചായ ചെറുചൂടോടെ കുടിക്കുന്നതു ഫലപ്രദമാകുന്നു.
• ചായകുടിച്ചാൽ നിദ്രാഭാരവും ആലസ്യവും നീങ്ങും.
• തൊണ്ടരോഗങ്ങൾ ശമിക്കുന്നതിനു കടുംചായയിൽ അല്പം ഉപ്പുചേർത്തു ചെറുചൂടോടെ കവിൾകൊള്ളണം. പല പ്രവശ്യം ഇതാവർത്തിക്കുക.

49. തേറ്റാമ്പരൽ

• തേറ്റാമ്പരൽ വിത്ത് പൊടിച്ച് ചെറുതേനിൽ ഒരു രാത്രി ഇട്ടുവച്ചതിനു ശേഷം ആ തേൻ നല്ലതുപോലെ അരിച്ചെടുത്തു കണ്ണിൽ പുരട്ടാമെങ്കിൽ കണ്ണിനു തെളിച്ചവും കുളിർമയും കാഴ്ചശക്തിയും വർധിക്കും.
• തേറ്റാമ്പരൽ വിത്ത് ചെറുതേനിൽ ഒരു രാത്രി ഇട്ടുവച്ചതിനു ശേഷം ആ തേനിൽതന്നെ അത് നല്ലതുപോലെ അരച്ചുചേർത്ത് വ്രണത്തിൽ പുരട്ടിയാൽ വ്രണം എളുപ്പം ശുദ്ധമായി കരിഞ്ഞുകിട്ടും.

50. തുളസി

• 5 – 15 മില്ലി തുളസിനീരും 5 തുള്ളി തേനും 120 മില്ലി ഗ്രാം കുരുമുളകുപൊടിയും ചേർത്തു കഴിക്കുന്നതു പനിമാറാൻ നല്ലതാണ്.
• ജലദോഷത്തിന് /പനിയ്ക്ക് കൃഷ്ണതുളസിയില ചതച്ചു പിഴിഞ്ഞെടുത്ത 10 മില്ലി നീരിൽ ചെറുതേൻ സമം ചേർത്ത് പലവട്ടം സേവിക്കുക.
• പനി, ജലദോഷം, നീരിളക്കം, ചുമ എന്നിവയ്ക്ക് തുളസി സമൂലം കഷായം വച്ച് കഴിക്കുക/ തുളസിയിലയും, ചുക്ക്, മുളക്, തിപ്പലി എന്നിവയുമിട്ടു വച്ച കഷായം കൂടെക്കൂടെ കുടിക്കുക.
• തുളസിയില നീരിൽ കൽക്കണ്ടം ചേർത്തു കഴിച്ചാൽ ചുമയും, ജലദോഷവും മാറും.
• തുളസിയില പിഴിഞ്ഞെടുത്ത നീരിൽ/ തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ, തേൻ ചേർത്ത് പതിവായി കഴിക്കുന്നത് ശ്വാസകോശ രോഗങ്ങൾക്ക് നല്ലതാണ്. പത്തു തുളസിയില വീതം ദിവസവും രാവിലെ ചവച്ചരച്ചു തിന്നുന്നതും നല്ലതാണ്.
• തുളസിയിലച്ചാറിൽ ഇഞ്ചി, ചുവന്നുള്ളി എന്നിവയുടെ നീരും തേനും യോജിപ്പിച്ചു കഴിക്കുന്നത് ചുമയ്ക്ക് നല്ലതാണ്.
• തുളസി സമം നാരങ്ങാനീരും ചേർത്തു മുഖത്തു പുരട്ടിയാൽ കറുത്ത പുള്ളികൾ, നിറവ്യത്യാസം എന്നിവ മാറും.
• വിശപ്പില്ലായ്മയ്ക്ക് തുളസിയില അൽപ്പം ഉപ്പുമായി തിരുമ്മിപ്പിഴിഞ്ഞെടുത്ത നീര് കുടിക്കുക.
• കൃഷ്ണതുളസിയില പിഴിഞ്ഞ നീര് ഒരു ടേബിൾ സ്പൂൺ കഴിച്ചാൽ വയറുവേദന കുറയും.
• കുഴിനഖത്തിന് തുളസിയിലയിട്ടു മൂപ്പിച്ച വെളിച്ചെണ്ണ പുരട്ടുക/ തുളസിയിലയും ഉപ്പും തേനിൽ അരച്ചു പുരട്ടുക
• കൃമി ശല്യം മാറുന്നതിന് തുളസിവേരരച്ച് ചെറു ചൂടുവെള്ളത്തിൽ കഴിക്കുക.
• പീനസത്തിന് തുളസിയില ഉണക്കിപ്പൊടിച്ച് മൂക്കിൽ വലിക്കുക.
• തലയിലെ പേൻ ശല്യത്തിന് തുളസിയില അരച്ചു തലയിൽ പുരട്ടുക.
• മുഖക്കുരുവിനും പുഴുക്കടിപോലുള്ള അസുഖങ്ങൾക്കും തുളസിയില നീര് പുറമേ പുരട്ടുക.
• തലവേദനയ്ക്ക് തുളസിയില നീര് ഒന്നു രണ്ടു തവണ പുരട്ടുക. / വേര് നന്നായരച്ച് നെറ്റിയിൽ പുരട്ടുക.
• ഇലനീര് ചെറുചൂടോടെ 2 തുള്ളി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന കുറയും. ചെവിക്കുത്ത് മാറും.
• കൃഷ്ണതുളസിയില ചതച്ചിട്ട് എണ്ണ മൂപ്പിച്ച് പതിവായി തലയിൽ തേക്കുക. അലർജി നിമിത്തമുള്ള തുമ്മൽ മാറും.
• ഇലയും വേരും സമം നന്നായരച്ച് തേൾകടിച്ച ഭാഗത്തു പുരട്ടിയാൽ വിഷം ശമിക്കും, വേദന മാറും.
• കടന്നൽ വിഷത്തിന് ചുവന്ന തുളസിയില അരച്ച് പുരട്ടുക. ഇലനീരിൽചുക്ക്, കുരുമുളക്, തിപ്പലി ഇവ പൊടിച്ച് കലക്കി കുടിക്കുക.
• തുളസിയില നീരിൽ പച്ചമഞ്ഞൾ അരച്ചു കലക്കി പാലിലോ തണുത്ത വെള്ളത്തിലോ കുടിക്കുക. പുറമേ പുരട്ടുകയും ചെയ്യുക. ചിലന്തി വിഷം ശമിക്കും.
• തുളസി വിത്ത് ചൂടുവെള്ളത്തിൽ അരച്ചു കലക്കി കഴിച്ചാൽ മൂത്രാശയ സംബന്ധമായ രോഗങ്ങൾക്ക് നല്ലതാണ്.
• അഗ്നിമാന്ദ്യത്തിന് തുളസിയില അല്പം ഉപ്പുമായി തിരുമ്മിപ്പിഴിഞ്ഞെടുക്കുന്ന നീര് കുടിക്കുക.
• ഇല കിടക്കയിൽ വിതറിയാൽ മൂട്ടയും കൊതുകും കുറയും.

51. തുമ്പ

• ഗർഭാശയ ശുദ്ധിക്കായി പ്രസവിച്ച സ്ത്രീകൾക്ക് ആദ്യത്തെ മൂന്നു ദിവസത്തേയ്ക്ക് തുമ്പച്ചാറ് കരുപ്പട്ടി ചേർത്ത് കുറുക്കി കൊടുക്കുന്നത് ഉത്തമമാണ്.
• തുമ്പച്ചാറ് പതിവായി കുറച്ചു ദിവസം സേവിച്ചാൽ ഗ്യാസ്ട്രബിൾ ശമിക്കുന്നതാണ്.
• തുമ്പയുടെ ഇലയും പൂവും കൂടി ഇടിച്ചുപിഴിഞ്ഞെടുത്ത ചാറിൽ അല്പം പാൽക്കായം ചേർത്ത് രണ്ടോ, മൂന്നോ നേരം കൊടുത്താൽ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന വിര ശമിക്കുന്നതാണ്.
• വിരയുടെ ഉപദ്രവമുള്ളവർ അല്പം ഉപ്പുനീരു ചേർത്ത് തുമ്പച്ചാറു കഴിക്കുക.
• തേൾവിഷത്തിന് തുമ്പയില നീരിൽ പച്ചമഞ്ഞൾ അരച്ചുപുരട്ടുക. വിഷം നീങ്ങും.
• തുമ്പ സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ തേൻ ചേർത്തുകുടിക്കുക. വയറുവേദന മാറും
. • തുമ്പത്തളിര് ചതച്ചിട്ടു മൂപ്പിച്ച വെളിച്ചെണ്ണയോ, നെയ്യോ പുരട്ടിയാൽ കുഴിനഖം ശമിക്കും.
• തുമ്പയില നെറ്റിയിൽ അരച്ചു പുരട്ടിയാൽ തലവേദന ശമിക്കും.
• തുമ്പച്ചാറിൽ വിഴാലരികാമ്പ് പൊടിച്ച് പുഴുങ്ങി വറ്റിച്ചുണക്കി കഴിക്കുന്നത് കൃമി ഉപദ്രവമുള്ള കുട്ടികൾക്ക് നല്ലതാണ്.

52. തൊട്ടാവാടി

• മുറിവിലെ രക്തസ്രാവം നിറുത്താൻ തൊട്ടാവാടി ഇടിച്ചുപിഴിഞ്ഞ നീരു നല്ലതാണ്.
• ചൊറി പോലെയുളള ചർമ്മരോഗങ്ങൾക്കു തൊട്ടാവാടി കൽക്കമായി എടുത്ത് അതിടിച്ചുപിഴിഞ്ഞ നീരിൽ നീരിന്റെ നാലിലൊന്ന് എണ്ണയും ചേർത്തു കാച്ചി പുറമെ പുരട്ടണം.
• തൊട്ടാവാടിയുടെ വേര് 25 ഗ്രാമെടുത്ത് 24 ഔൺസ് വെളളത്തിൽ കഷായം വച്ച് 3 ഔൺസാക്കി ദിവസവും ഓരോ ഔൺസു വീതം മൂന്നു നേരവും സേവിച്ചാൽ മൂത്രത്തിലെ കല്ലുമാറിക്കിട്ടും.
• ഇലയും വേരും ഇടിച്ചുപിഴിഞ്ഞെടുത്ത നീരു പുരട്ടിയാൽ മൂലക്കുരു ശമിക്കും.
• ഉളുക്കിന്റ നീരും വേദനയും മാറുന്നതിനു തൊട്ടാവാടി സമൂലം കാടിയിലരച്ചിടണം.
• തൊട്ടാവാടിയുടെ കുരുന്നില അരച്ചു തേനിൽ സേവിച്ചാൽ ഓജസ്സു വർദ്ധിക്കും. ഇത് പ്രമേഹരോഗത്തിന് ഫലപ്രദമായ ഔഷധമാണ്.
• തൊട്ടാവാടിയിലയും കല്ലുപ്പും കൂടി വെള്ളം തൊടാതെ അരച്ച് തിളപ്പിച്ച് പുരട്ടുക. രക്തവാതം കൊണ്ടുള്ള വേദന കുറയുകയും നീരു മാറുകയുംചെയ്യും.

53. ദന്തപ്പാല/ വെട്ടുപാല

• ദന്തപ്പാലയുടെ ഇല ചെറുകഷണങ്ങളാക്കി വെളിച്ചെണ്ണയിലിട്ട് ഒരു മണിക്കൂർ വെയിലത്ത് വച്ച് ചൂടാക്കിയശേഷം, തലയിൽ പുരട്ടിയാൽ താരനു ശമനം കിട്ടും.
• ദന്തപ്പാല ഇലയുടെ നീരും ദന്തപ്പാലയിലയിട്ടു കാച്ചിയ എണ്ണയും സോറിയാസിസ് എന്ന രോഗത്തിന് ഫലപ്രദമായ ഔഷധമാണ്.
• ദന്തപ്പാലയുടെ ഇല നുള്ളി ഇരുമ്പു തൊടാതെ ചെറു കഷണങ്ങളാക്കി ഒരു മൺചട്ടിയിലിട്ട് മൂടത്തക്കവണ്ണം വെളിച്ചെണ്ണ ഒഴിച്ച് (1 കിലോ ഇലയ്ക്ക് 1 കി.ഗ്രാം വെളിച്ചെണ്ണ) എന്ന തോതിൽ വെയിലത്ത് വയ്ക്കുക. 7 ദിവസം മുഴുവനും വെയിൽ കൊള്ളിക്കണം. എട്ടാം ദിവസം പിഴിഞ്ഞരിച്ചെടുത്ത് ഒരു കുപ്പിയിൽ ആക്കുക. ഈ എണ്ണ വൈദ്യനിർദ്ദേശ പ്രകാരം അകത്തേക്ക് കഴിക്കാവുന്നതാണ്. പുറമെ പുരട്ടി 2 മണിക്കൂർ ഇരുന്ന ശേഷം സോപ്പ് തേക്കാതെ കുളിക്കണം. 3 മാസം തുടർന്നാൽ സോറിയാസിസ് ശമിക്കുന്നതാണ്.

54. നറുനീണ്ടി

• കയ്യും ഉള്ളംകാലും പുകച്ചിൽ മാറുന്നതിന് നറുനീണ്ടിക്കിഴങ്ങ് പശുവിൻ പാലിൽ അരച്ചു പുരട്ടുക.
• വെള്ളപോക്കിന് നറുനീണ്ടിക്കിഴങ്ങ് പാലിൽ അരച്ചുകാച്ചി പതിവായി കുറച്ചു ദിവസം കഴിക്കുക.
• ശരീരത്തിലെ അത്യുഷ്ണം മാറുന്നതിന് നറുനീണ്ടിക്കിഴങ്ങ് നുറുക്കി വ്യത്തിയാക്കിച്ചതച്ചെടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ 12 മണിക്കൂർ ഇട്ടുവച്ചിരുന്ന് അതിനുശേഷം അരിച്ചെടുത്ത് പകുതി വീതം ദിവസേന രണ്ടുനേരം സേവിക്കുക. നറുനീണ്ടിക്കിഴങ്ങ് പൊടിച്ച് പാലിൽ കലക്കി കുടിക്കുന്നതും ചുട്ടുനീറ്റലിന് നല്ലതാണ്.
• ചർമ്മരോഗം, രക്തദുഷ്ടി, തേൾവിഷം ഇവയ്ക്ക് നറുനീണ്ടിയുടെ വേര് ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം രാവിലെയും വൈകിട്ടും കഴിക്കുക.
• നറുനീണ്ടിക്കിഴങ്ങ്, കൊത്തമല്ലി, ജീരകം ഇവ സമമെടുത്ത് സമം ശർക്കരയും ചേർത്തിടിച്ച് നെല്ലിക്കാവലുപ്പത്തിൽ രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ മൂത്രക്യച്ഛ്റം, അസ്ഥിസ്രാവം, കാസം, ചുട്ടുനീറ്റൽ, വിഷം ഇവ ശമിക്കും.
• നറുനീണ്ടിക്കിഴങ്ങ് ഉണക്കിപ്പൊടിച്ചത് പത്തുഗ്രാം വീതം പശുവിൻ വെണ്ണയിൽ സേവിക്കുക, അല്ലെങ്കിൽ നറുനീണ്ടിക്കഷായം ദിവസേന രണ്ടു പ്രാവശ്യം വീതം പശുവിൻ വെണ്ണ ചേർത്ത് സേവിക്കുന്നതും ത്വക്ക് രോഗങ്ങൾക്ക് നല്ലതാണ്.
• നറുനീണ്ടി ചൂർണ്ണം, ജീരക ചൂർണ്ണം, കൊത്തമല്ലിചൂർണ്ണം ഇവ സമമെടുത്ത് ശർക്കര ചേർത്തു സേവിക്കുന്നത് ജ്വരത്തിനു നല്ലതാണ്.
• മൂത്രതടസത്തിനും മൂത്രാശയത്തിലെ കല്ലിനും നറുനീണ്ടിക്കിഴങ്ങ് അരച്ചിട്ടോ ചതച്ചിട്ടോ നിത്യേന പശുവിൻ പാലിൽ കാച്ചികുടിക്കുക.
• കരൾ സംബന്ധമായ രോഗങ്ങൾക്ക് നറുനീണ്ടിക്കിഴങ്ങ് നിഴലിൽ ഉണക്കിപ്പൊടിച്ചത് 15 ഗ്രാം വീതം ദിവസേന തേനിൽ ചാലിച്ചു സേവിക്കുക.
• നറുനീണ്ടിക്കഷായം പാലും, തേനും ചേർത്ത് ഓരോ ഔൺസുവീതം ദിവസേന സേവിക്കുന്നത് ശരീരബലഹീനതയ്ക്ക് നല്ലതാണ്.
• ചുടുവാതത്തിന് നറുനീണ്ടിക്കിഴങ്ങും, ശതാവരിക്കിഴങ്ങും, ഇരട്ടിമധുരവുമിട്ട് നെയ്യ് കാച്ചി സേവിക്കുകയും, പുറമേ പുരട്ടുകയും ചെയ്യുക.
• നറുനീണ്ടിക്കിഴങ്ങ് ചതച്ച് വെള്ളത്തിൽ ഇട്ടുവച്ചിരുന്ന് പിഴിഞ്ഞരിച്ച് എടുത്ത് പലതവണ മുഖം കഴുകുക. മുഖകാന്തികൂടുകയും മുഖത്തുണ്ടാകുന്ന കാര മാറുകയും ചെയ്യും.

55. നന്ത്യാർവട്ടം

• കണ്ണിൽ ചതവ് മുറിവ്, പോറൽ എന്നിവയ്ക്ക് നന്ത്യാർവട്ടത്തിന്റെ പൂവരച്ച് നീരെടുത്ത് കണ്ണിലിറ്റിക്കുക.
• ചെങ്കണ്ണിന് നന്ത്യാർവട്ടപ്പൂവ് ഏറെ നേരം വെള്ളത്തിലിട്ട് ആ വെള്ളം കൊണ്ടു കണ്ണു കഴുകുക
• നന്ത്യാർവട്ടത്തിന്റെ വെളുത്ത കറ മുറിവിലും വ്രണത്തിലും പുരട്ടിയാൽ എളുപ്പം ഉണങ്ങും.
• പ്രസവാനന്തരമുണ്ടാകുന്ന പനിയും ശരീരവേദനയും മാറിക്കിട്ടാൻ ഇതിന്റെ വേരിട്ടു വെന്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്.

56. നാലുമണിച്ചെടി (അന്തിമലരി)

• വ്രണം, പൊള്ളലുകൾ, കുരുക്കൾ എന്നിവയ്ക്ക് വേര് അരച്ച് ബാഹ്യലേപമായി ഇട്ടാൽ ശമനം കിട്ടും.
• ഇതിന്റെ ഇല അരച്ച് പുറമെ പുരട്ടിയാലും പൊള്ളലുകൾക്ക് ശമനം ലഭിക്കും.

57. നിലപ്പന

• രക്തസ്രാവത്തിന് നിലപ്പനകിഴങ്ങും ചെറുകടലാടിയും അരച്ച് മോരിൽ കലക്കി സേവിക്കുക.
• നിലപ്പനചൂർണ്ണം നെയ്യുചേർത്തു സേവിച്ച്, പുറമേ കാച്ചിയ പശുവിൻ പാലും കുടിക്കുക. ധാതുപുഷ്ടിയും, ദേഹകാന്തിയും ഉണ്ടാകും.
• നിലപ്പനകിഴങ്ങ് ആട്ടിൻ പാലിലരച്ച് തേനും ചേർത്ത് മുഖത്ത് പുരട്ടിയാൽ മുഖകാന്തി വർദ്ധിക്കും.
• നിലപ്പനക്കിഴങ്ങ് അരച്ചു കലക്കി മുലപ്പാലും ചേർത്ത് എണ്ണ കാച്ചി തലയ്ക്ക് തേയ്ച്ച് കുളിക്കുന്നത് പീനസത്തിന് നല്ലതാണ്.
• നിലപ്പനക്കിഴങ്ങുപൊടി, ത്രിഫലപ്പൊടി, ഇവ യോജിപ്പിച്ച് തേനിൽ കഴിച്ചാൽ വെള്ളപോക്കിന് ശമനം കിട്ടും.

58. നീലയമരി

• മുടി വളരുന്നതിനും മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും അകാലനര തടയുന്നതിനും അമരിയിലയുടെ നീര് എണ്ണകാച്ചി തേക്കുന്നത് ഉത്തമമാണ്. അല്ലെങ്കിൽ ഇല, അത്രയും തൂക്കം എണ്ണ ചേർത്ത് ഏഴുദിവസം വെയിലത്തുവച്ച് അരിച്ച് പിഴിഞ്ഞ് ഉപയോഗിക്കാം.
• വിഷജന്തുക്കൾ കടിച്ചാൽ നീലയമരിച്ചെടി സമൂലമെടുത്ത് അരച്ച് മുറിവിൽ പുരട്ടുകയും ഇലയുടെ നീര് കുടിക്കുന്നതും നല്ലതാണ്.
• ഇല ഇടിച്ചു പിഴിഞ്ഞ നീര് 10 മില്ലി വീതം അല്പം തേനും ചേർത്ത് 2 ദിവസം 2 നേരം വീതം കഴിക്കുന്നത് മഞ്ഞപ്പിത്തത്തിനും, കരളിനും പ്ലീഹയ്ക്കുമുള്ള വീക്കത്തിനും നല്ലതാണ്.
• നീരുവീക്കം, ത്വക്ക് രോഗങ്ങൾ, പൊള്ളൽ, വ്രണം മുതലായവയ്ക്ക് ഇല ബാഹ്യമായി അരച്ചിടാവുന്നതാണ്.

59. നീർമരുത്

• തൊലി കഷായം വ്രണം കഴുകാൻ ഉപയോഗിക്കുന്നു.
• പല്ലിനും മോണയ്ക്കും ഉണ്ടാകുന്ന നീർവീക്കം, പഴുപ്പ് എന്നിവയ്ക്ക് തൊലി ഉണക്കിപ്പൊടിച്ച് ദിവസവും പല്ലുതേയ്ക്കുക.
• ഹൃദ്രോഗത്തിന് ഒരുത്തമ ഔഷധമെന്ന നിലയിൽ നീർമരുത് അഥവാ അർജുന അതുല്യമാണ്. ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിനും ഉത്തേജനത്തിനും നീർമരുതിൻ തോലിനു ശക്തിയുണ്ട്. 10 ഗ്രാം നീർമരുതിൻതോൽ ചൂർണ്ണം പാലിൽ കലക്കി തേൻ മേമ്പൊടി ചേർത്തു ദിവസേന കാലത്തു കഴിക്കുന്നത് / നീർമരുതിൻതൊലി കഷായംവച്ച് പതിവായി രണ്ടു നേരം കഴിക്കുന്നത് എല്ലാത്തരം ഹൃദ്രോഗികൾക്കും ഒരു കാർഡിയാക് ടോണിക്കാണ്.
• മൂത്രമൊഴിക്കുമ്പോൽ കൂടെക്കൂടെയുണ്ടാകുന്ന വേദന, മൂത്രത്തോടു കലർന്നു കാണുന്ന രക്തം, മൂത്രത്തിലൂടെ വിസർജിക്കപെടുന്ന ചെറിയകല്ലുകൾ, ഇവയെല്ലാം മൂത്രസഞ്ചിയിൽ കല്ലുണ്ടെന്നു കാണിക്കുന്ന ലക്ഷണങ്ങളാണ്. അപ്പോൾ നീർമരുതിൻ തോൽ ഉണക്കി പൊടിയാക്കി 10 ഗ്രാം വീതം തുടർന്നു മോരിൽ കാലത്തു കഴിക്കുക.
• നീർമരുതിന്നില അരച്ചിടുന്നത് കുരു, വ്രണം, ചർമരോഗങ്ങൾ എന്നിവക്കു നല്ലതാണ്. ഇതിന്റെ തോൽ തേനിലരച്ചിട്ടാൽ മുഖക്കുരുവിന് നല്ലതാണ്.

60. നെല്ലി

• നെല്ലിക്ക ചതച്ച രസത്തിൽ മഞ്ഞൾപ്പൊടിയും തേനും ചേർത്ത് രാവിലെ സേവിക്കുന്നത് പ്രമേഹത്തിന് നല്ലതാണ്. കുരുനീക്കി ഇടിച്ചുപിഴിഞ്ഞെടുക്കുന്ന നീരാണ് ഏറ്റവും ഉത്തമം.
• പച്ച നെല്ലിക്കയുടെ നീര് അരിച്ചെടുത്തത് കണ്ണിലൊഴിക്കുന്നത് നേത്ര രോഗങ്ങൾക്ക് നല്ലതാണ്.
• 3 ഗ്രാം നെല്ലിക്കപ്പൊടി, 10 ഗ്രാം നെയ്യിൽ പതിവായി കഴിച്ചാൽ തൊലിപുറമെയുള്ള അലർജ്ജി ഇല്ലാതാകും.
• നെല്ലിക്കയിട്ട് വെന്ത വെള്ളത്തിൽ കുളിച്ചാൽ ഉന്മേഷവും കുളിർമ്മയും ഉണ്ടാകും.
• വായ്പുണ്ണിന് പച്ചനെല്ലിക്ക അരച്ച് മോരിൽ കലക്കി കുടിയ്ക്കുക.
• കുട്ടികൾക്ക് നെല്ലിയ്ക്കാരിഷ്ടം കൊടുക്കുന്നത് രോഗപ്രതിരോധശേഷിയുണ്ടാകുന്നതിന് നല്ലതാണ്.
• പച്ചനെല്ലിക്കായും, ഉണക്കമുന്തിരിയും ചതച്ച് വെളളത്തിലിട്ട് പിഴിഞ്ഞരിച്ചെടുത്ത് പഞ്ചസാരയും തേനും ചേർത്തു കഴിക്കുന്നത് ഛർദ്ദിക്കു നല്ലതാണ്.

61. പടവലം

• പടവലത്തിന്റെ വേര് അരച്ചു നെറ്റിയ്ക്കു പുരട്ടിയാൽ തലവേദന മാറും.
• ഇല അരച്ച് നെയ്യിൽചേർത്ത് വ്രണങ്ങളിൽ പുരട്ടിയാൽ പെട്ടെന്ന് വ്രണംകരിയും.

62. പനിക്കൂർക്ക

• ഇല വാട്ടി നെറുകയിൽ പതിച്ചുവച്ചാൽ കുട്ടികൾക്കുണ്ടാകുന്ന ജലദോഷം, പനി, മൂക്കടപ്പ് ഇവ നിയന്ത്രിതമാകും.
• പനിക്കൂർക്കയില വാട്ടിപിഴിഞ്ഞെടുത്ത നീര് 10 തുളളി എടുത്ത് തേൻ /പഞ്ചസാര ചേർത്ത് ദിവസം മൂന്നു നേരം എന്ന കണക്കിൽ രണ്ടോ മൂന്നോ ദിവസം കുട്ടികൾക്ക് കൊടുക്കുന്നതും ജലദോഷം, ചുമ, പനി, വയറുവേദന ഇവ ശമിക്കാൻ നല്ലതാണ്.
• ഇല വാട്ടിപിഴിഞ്ഞ് നീരെടുത്ത് രാസ്നാദി ചൂർണ്ണവും ചേർത്ത് നെറുകയിൽ തളം വെച്ചാൽ പനി, ജലദോഷം ഇവ ശമിക്കും.
• ജലദോഷവും ചുമയും നിയന്ത്രിക്കാൻ പനിക്കൂർക്കയുടെ നീരെടുത്ത് ചെറുനാരങ്ങനീരും പഞ്ചസാരയും ചേർത്ത് കഴിക്കുന്നതും നല്ലതാണ്.
• പനിക്കൂർക്കയുടെ നീര്, തുളസിയിലനീര് ഇവ സമം തേനും ചേർത്ത് സേവിക്കുന്നത് ജലദോഷം, ചുമ, പനി ഇവ മാറാൻ നല്ലതാണ്.
• പനിമൂലമുള്ള ചൂടുകുറഞ്ഞ് ദേഹം തണുക്കാനായി പനിക്കൂർക്കയിലയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കുളിപ്പിക്കാം.
• തൊണ്ടവേദനക്ക് പനിക്കൂർക്കയുടെ ഇല വെള്ളത്തിലിട്ട് തിളപ്പിച്ച് ആവികൊള്ളുക.
• ശ്വാസതടസത്തിന് പനിക്കൂർക്കയുടെ നീര് 8 തുളളിവീതം കഴിക്കുകയും ഇലകുഴമ്പ് നെഞ്ചിലും നെറ്റിതടത്തിലും പുരട്ടുക.
• പഴുതാരയുടെ കുത്തേറ്റാൽ പനിക്കൂർക്കയുടെ ഇല കുഴമ്പു പരുവത്തിൽ തേക്കുക.
• ഇതിന്റെ ഇല അരച്ച് ഉഴുന്നുപൊടിയിലോ ഗോതമ്പുമാവിലോ ചേർത്ത് വട ഉണ്ടാക്കി കഴിച്ചാൽ ഗ്രഹണി ശമിക്കും.
• പനിക്കൂർക്കയില അരച്ചത് 6 ഗ്രാം മുതൽ 10 ഗ്രാം വരെ രാത്രി ഒരുതവണ വെള്ളത്തിൽ കലക്കികുടിച്ചശേഷം, വയറിളക്കാൻ ത്രിഫല 6 ഗ്രാം വീണ്ടും ചൂടുവെള്ളത്തിൽ കലക്കികുടിച്ചാൽ, ഉദരകൃമികൾ വെളിയിൽ പോകും.
• ശിശുക്കളുടെ മൂക്കടപ്പിനും ജലദോഷത്തിനും പനിക്കൂർക്കയുടെ ഇല വാട്ടിപ്പിഴിഞ്ഞെടുത്ത നീര് ചെറുചൂടോടുകൂടി പത്തു തുളളി വീതം മൂന്നുനേരം കൊടുക്കുകയും, ആ നീര് തുണിയിൽ നനച്ച് നെറ്റിയിൽ ഇടുകയും ചെയ്യുക.
• പനിക്കൂർക്കയിലയരച്ച് പാൽക്കഞ്ഞിയിൽ ചേർത്ത് മുലയൂട്ടന്ന അമ്മമാർ കുടിച്ചാൽ കുഞ്ഞുങ്ങൾക്ക് ജലദോഷം ഉണ്ടാകുകയില്ല.

63. പപ്പായ

• ഓമക്കായയുടെ കറ പുരട്ടിയാൽ പുഴുക്കടി ശമിക്കുന്നതാണ്.
• പച്ചപപ്പായ തിന്നുന്നത് ഉദരകൃമിക്ക് നല്ലതാണ്.
• ആർത്തവ തടസത്തിന് പച്ചക്കായ് കുരുവും കറയും കളയാതെ ഇടിച്ചുപിഴിഞ്ഞെടുത്ത നീര് ഒരു ഔൺസുവീതം ദിവസം രണ്ടുനേരം കുടിക്കുക.
• പഴുത്ത പപ്പായ പതിവായി കഴിച്ചാൽ അഗ്നിമാന്ദ്യം ശമിക്കും.
• സ്ത്രീകൾക്ക് മുലപ്പാൽ വർദ്ധനയ്ക്ക് ഇതിന്റെ ഫലം നല്ലതാണ്.
• മുറിവുകളിൽ തളിരില തിരുമ്മിവച്ചുകെട്ടിയാൽ ഏതു മുറിവും വേഗം കരിയും.
• ഗർഭകാലത്ത് പപ്പായ ഉപയോഗിക്കുന്നത് അഭികാമ്യമല്ല.

64. പാവൽ

• പാവൽഇലച്ചാറിൽ ചന്ദനം അരച്ചുകലക്കി കുടിച്ചാൽ രക്താർശ്ശസ് ശമിക്കും.
• കുടൽ വ്രണങ്ങളിൽ പാവലിന്റെ ഇലനീരിൽ തേൻ ചേർത്തുകഴിക്കുക.
• പാവൽ സമൂലം ഉണക്കിപ്പൊടിച്ച പൊടി പഴകിയ ത്വക്ക് രോഗങ്ങൾക്കും മറ്റു വ്രണങ്ങൾക്കും പുറമേ വിതറുക.
• പാവലിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീരും മഞ്ഞൾപ്പൊടിയും ചേർത്തു കൊടുക്കുന്നത് കൃമിയെ പുറത്തുകളയുന്നതിന് സമർത്ഥമാണ്.
• തീ പൊള്ളലിന് പാവയ്ക്കാനീരു പുരട്ടുക.
• പാവയ്ക്കാനീരിൽ ചെറുതേനും മഞ്ഞൾപ്പൊടിയും ചേർത്തുകഴിച്ചാൽ അമിതവണ്ണം കുറയും.
• പ്രമേഹത്തിന് പാവയ്ക്കാനീരോ, ചൂർണ്ണമോ സേവിക്കുക.
• പച്ചപാവയ്ക്കാ ചെറുതായിട്ടരിഞ്ഞ് തൈരിലിട്ട് പാകത്തിന് ഉപ്പുംചേർത്ത് പതിവായി ഉപയോഗിക്കുക. പ്രമേഹം ശമിക്കും.
• പാവലിന്റെ ഇല ചതച്ചു പിഴിഞ്ഞെടുത്ത നീര് കായവും, ഇന്തുപ്പും ചേർത്തു സേവിക്കുന്നതു കൃമി രോഗങ്ങൾക്ക് നല്ലതാണ്.
• കരൾ സംബന്ധമായ അസുഖങ്ങൾക്ക് പാവലിന്റെ ഇലയും, കായും പച്ചയായി ഭക്ഷിക്കുന്നത് പ്രയോജനപ്രദമാണ്. (വൈദ്യനിർദ്ദേശാനുസരണം മാത്രം ശീലിക്കുക.)

65. പേര

• പേരയ്ക്ക ദഹനേന്ദ്രിയത്തിന് ഉത്തേജനം നൽകുകയും ഹ്യദയത്തിന് ബലം നൽകുകയും ചെയ്യുന്നു.
• വയറ്റിലെ വിരകളെ പുറം തളളുവാൻ പേരയുടെ കൂമ്പില നല്ലതാണ്.

66. പുളിയാരൽ

• തലവേദനയ്ക്ക് പുളിയാറില നീരും സമം വെളുത്തുള്ളിയുടെ നീരും ചേർത്ത് യോജിപ്പിച്ച് ഒരു തുണിയിൽമുക്കി നെറ്റിയിൽഇടുക. പെട്ടെന്ന് ആശ്വാസം കിട്ടും.
• ഷഡ്പദങ്ങളുടെ കടിയേറ്റഭാഗത്ത് ഇലനീര് പുരട്ടുന്നത് വേദന ശമിക്കാൻ സഹായിക്കും.
• ഇതിന്റെ ഇലയും തണ്ടും ഏതാണ്ട് 10 ഗ്രാം തൂക്കത്തിലെടുത്ത് മോരിൽ തിളപ്പിച്ച് ദിവസം രണ്ടുനേരം വീതം കഴിച്ചാൽ രക്താർശ്ശസ്, രക്തപ്രദരം എന്നീ രോഗങ്ങൾ ശമിക്കും.
• ഇലയിട്ടു കാച്ചിയ മോരു കുടിച്ചാൽ അതിസാരം മാറും.
• ഉള്ളി നീരും പുളിയാറില നീരും പുരട്ടിയാൽ അരിമ്പാറ ശമിക്കും.
• സമൂലം തൈരിൽ തിളപ്പിച്ചത് 10 ഗ്രാം വീതം ദിവസേന രണ്ടു തവണ സേവിക്കുന്നത് മൂലക്കുരുവിന് നല്ലതാണ്.
• കൺപോളകളുടെ ചൊറിച്ചിലിന് പുളിയാറിലയുടെ നീര് പുരട്ടുന്നത് ഉത്തമമാണ്.
• പുളിയാറില സമൂലം കഴിച്ചാൽ പനിക്ക് നല്ലതാണ്.
• ശരീരത്തിലെ നീര് കുറയ്ക്കുന്നതിന് പുളിയാറില അരച്ചുപുരട്ടുന്നത് നല്ലതാണ്.
• പുളിയാറിലയുടെ നീര് 15-20ml മോരിൽ ചേർത്ത് കാച്ചി കഴിക്കുന്നത് വയറിളക്കത്തിന് നല്ലതാണ്.
• പുളിയാറിലച്ചാറിൽ അല്പം തേനോ, പഞ്ചസാരയോ ചേർത്തു സേവിക്കുന്നത് വയറിളക്കത്തിനും വയറുകടിക്കും നല്ലതാണ്.
• പുളിയാരിലയും, മഞ്ഞളും ചേർത്തരച്ച് മോരിൽ കലക്കിക്കാച്ചി പതിവായി ഉപയോഗിച്ചാൽ വയറുസംബന്ധമായ രോഗങ്ങൾക്കു ശമനം ലഭിക്കുന്നതാണ്.
• പുളിയാരില അരച്ചു ചൂടാക്കി അതിൽ വെളുത്തുളളിച്ചാറും യോജിപ്പിച്ചു പുരട്ടുന്നത് തലവേദനയ്ക്ക് നല്ലതാണ്.
• ഗ്രഹണിക്ക് പുളിയാരില നീരിൽ കടുക്കാക്കഷായം ചേർത്ത് സേവിക്കുക. പുളിയാരില ഇടിച്ചുപിഴിഞ്ഞെടുത്ത നീരിൽ നെയ്യ് കാച്ചി സേവിക്കുന്നതും നല്ലതാണ്.
• വീക്കവും വേദനയുമുള്ള ഭാഗത്ത് പുളിയാരില അരച്ചു പുരട്ടിയാൽ രോഗം ശമിക്കുന്നതാണ്.
• പുളിയാരില നീരിൽ അല്പം കുരുമുളക് പൊടിയും, നെയ്യും യോജിപ്പിച്ചു പുരട്ടിയാൽ ത്വക്കിലെ രോഗങ്ങൾക്ക് ശമനം ലഭിക്കുന്നതാണ്.

67. പൂവാങ്കുറുന്നൽ

• പൂവാംകുറുന്നൽ സമൂലമെടുത്ത് 8 ഇരട്ടി വെള്ളത്തിൽ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് 25 മി.ലി. വീതം രാവിലേയും വൈകിട്ടും കുടിച്ചാൽ പനി മാറും. കൂടാതെ ഈ കഷായം പതിവായി കഴിച്ചാൽ മൂത്രതടസം മാറിക്കിട്ടും.
• ചെങ്കണ്ണിന് പൂവാംകുറുന്നിലും ചന്ദനവും പാലിൽ ചതച്ചിട്ട് അരിച്ചെടുത്ത് കണ്ണിൽ ഒഴിക്കുക/ ഇതിന്റെ ഇല ചതച്ചു നീരെടുത്ത് മുലപ്പാലോ പശുവിൻ പാലോ ചേർത്ത് കണ്ണിൽ ഇറ്റിക്കുക/ പൂവാംകുരുന്നില ചതച്ചുപിഴിഞ്ഞ നീരിൽ ചന്ദനം അരച്ച് കണ്ണിൽ ഒഴിച്ചാലും ചെങ്കണ്ണ് മാറും.
• കണ്ണിൽ കരടു പോയാൽ പൂവാംകുരുന്നില പാലിൽ അരച്ചുചേർത്ത് തുണിയിൽ കെട്ടി കണ്ണിൽ ധാര കോരുക.
• പൂവൻകുറുന്നൽ സമൂലമരച്ച് പാലിൽ കലർത്തി സേവിക്കുന്നത് ജ്വരത്തിന് നല്ലതാണ്.
• രക്തസ്രാവത്തിന് പൂവൻകുറുന്നൽ മുലപ്പാൽകൂട്ടിയരച്ചു സേവിക്കുക.

68. പൊതിന

• പൊതിനയില ഉണക്കിപ്പൊടിച്ച് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കലക്കി സേവിക്കുന്നത് ഉദരരോഗങ്ങൾക്ക് നല്ലതാണ്. പൊതിനയിൽ നിന്നെടുക്കുന്ന തൈലം തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ചേർത്തുകഴിക്കുന്നതും ഉദരരോഗങ്ങൾക്ക് നല്ലതാണ്.
• ദന്തരോഗങ്ങൾക്ക് പൊതിന സമൂലം ഉണക്കിപ്പൊടിച്ചു പല്ലുതേയ്ക്കുന്നത് അത്യുത്തമമാണ്.
• പൊതിന തൈലം ഒഴിച്ചോ, പൊതിന ഇല ഇട്ടോ വെള്ളം ചൂടാക്കി ആവി കൊണ്ടാൽ പനി, പീനസം, മൂക്കടപ്പ് ഇവയ്ക്ക് കുറവുകിട്ടും.

69. ബ്രഹ്മി

• ബ്രഹ്മിനീര് 5 മുതൽ 10 മി.ലി അത്രയും വെണ്ണയോ നെയ്യോ ചേർത്ത് രാവിലെ പതിവായി കുട്ടികൾക്ക് കൊടുക്കുന്നത് ബുദ്ധിശക്തിയും ഓർമ്മ ശക്തിയും വർദ്ധിക്കുന്നതിനു സഹായകരമാണ്.
• ഓർമ്മക്കുറവിന് ബ്രഹ്മി നിഴലിൽ ഉണക്കിപൊടിച്ചത് 5 ഗ്രാം വീതം പാലിലോ തേനിലോ പതിവായി കഴിക്കുക.
• പച്ച ബ്രഹ്മി അരച്ചു പുരട്ടിയാൽ അപക്വ വ്രണങ്ങൾ പഴുത്തു പൊട്ടും.
• ഒച്ചയടപ്പിന് ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരിൽ ചെറുതേൻ ചേർത്ത് ഒരു ടേബിൾസ്പൂൺ വീതം കഴിക്കുക.
• അകാലവാർദ്ധക്യത്തിനും ദീർഘായുസിനും ബ്രഹ്മി സിദ്ധൗഷധമാണ്. 10 മി.ലി ബ്രഹ്മിനീരും നാലിൽ ഒരു ഭാഗം ഇരട്ടി മധുരം പൊടിച്ചെടുത്തതും ചേർത്ത് കാച്ചിയ പാലിൽ കലർത്തി പതിവായി ഉപയോഗിക്കുക. ബ്രഹ്മി നെയ്യിൽവറുത്ത് പാലുംകൂട്ടി സേവിക്കുന്നതും നല്ലതാണ്.

70. മണിത്തക്കാളി (മുളകുതക്കാളി)

• മണിത്തക്കാളി സമൂലം ഇടിച്ചുപിഴിഞ്ഞ സ്വരസം പച്ചനിറം മാറുന്നതുവരെ ചൂടാക്കി 15 മി. ലി. വീതം ദിവസവും കുടിക്കാമെങ്കിൽ സുഖവിരേചനമുണ്ടാകും. മൂത്രം നല്ലതുപോലെ പോകും. ശരീരത്തിലെ നീര് മാറിക്കിട്ടും.
• എലി കടിച്ചാൽ മണിത്തക്കാളി സമൂലം അരച്ച് കടിച്ചഭാഗത്തും ശരീരമാസകലം തേക്കുകയും ഇതിന്റെ നീര് (10 മി.ലി.) പഞ്ചസാര ചേർത്ത് നിത്യവും കഴിക്കുകയും ചെയ്താൽ വിഷം കൊണ്ടുണ്ടാകുന്ന വൃണം, ചൊറി ഇവ മാറിക്കിട്ടും.
• വിസർപ്പം എന്ന രോഗത്തിന് മണിത്തക്കാളിയുടെ പത്രസ്വരസം അൽപം നെയ്യും ചേർത്ത് പുറമെ പുരട്ടണം.
• കാസരോഗത്തിന് മണിത്തക്കാളിയുടെ ഇല പാകംചെയ്ത് കഴിക്കുന്നത് ഉത്തമമാണ്.
• മണിത്തക്കാളിയിലകൊണ്ടുള്ള തോരൻ ഗർഭകാലത്തുണ്ടാകാനിടയുള്ള നീരിന് ഫലപ്രദമാണ്.

71. മഞ്ഞൾ

• പ്രമേഹത്തിന് പച്ചമഞ്ഞളും നെല്ലിക്കയും ഇടിച്ചുപിഴിഞ്ഞ നീരിൽ തേൻ ചേർത്ത് രാവിലെ സേവിക്കുക.
• മുഖക്കുരുവിന് മഞ്ഞൾ പുരട്ടുക.
• മഞ്ഞൾ ചേർത്തു തിളപ്പിച്ച പാൽ പഞ്ചസാര ചേർത്ത് ഉപയോഗിക്കുന്നത് ജലദോഷത്തിന് നല്ലതാണ്.
• എല്ലാത്തരത്തിലുള്ള അലർജ്ജിക്കും ഒരു സ്പൂൺ പച്ചമഞ്ഞൾനീരും തേനും ചേർത്ത് സേവിക്കുന്നത് നല്ലതാണ്.
• മഞ്ഞൾപ്പൊടി ശുദ്ധ വെളിച്ചെണ്ണയിൽ ചേർത്ത് ചാലിച്ചു പുരട്ടിയാൽ വ്രണം ഉണങ്ങും.
• പച്ചമഞ്ഞളും തുല്യം വേപ്പിലയും / മുത്തങ്ങയും കൂടി അരച്ചു പതിവായി ദേഹത്തു തേച്ചുകുളിച്ചാൽ ചൊറി, ചിരങ്ങ്, ദുർഗന്ധം ഇവ ഇല്ലാതാകും.
• ചർമ്മരോഗങ്ങൾക്ക് ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും ചേർത്തു ചൂടാക്കിയ വെള്ളത്തിൽ കുളിക്കുന്നതു വളരെ നല്ലതാണ്.
• ചുണങ്ങിന് പച്ചമഞ്ഞളും ആര്യവേപ്പിലയും ചേർത്ത് അരച്ചു പുരട്ടുക.
• കുഴിനഖത്തിന് പച്ചമഞ്ഞളും മൈലാഞ്ചിയും അരച്ച് കുഴിനഖത്തിന് ചുറ്റും പൊതിയുക.
• കരപ്പന് പച്ചമഞ്ഞളും മുത്തങ്ങയും വെള്ളം തൊടാതെ അരച്ച് തേക്കുക.
• പച്ചമഞ്ഞളും തുളസിയിലയും ചേർത്തരച്ചു സേവിക്കുകയും പുരട്ടുകയും ചെയ്താൽ കീടവിഷങ്ങൾ ശമിക്കും.
• ആസ്മയ്ക്ക് മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ ഒരു മാസം തുടർച്ചയായി കഴിക്കുക.
• കരിമങ്ങിന് വേപ്പിലയും മഞ്ഞളും കൂട്ടിയരച്ച് കോഴിമുട്ടയുടെ വെള്ളക്കരു ചേർത്ത് മുഖത്തു പുരട്ടുക.
• ഉപ്പൂറ്റി വിള്ളലിന് കറിവേപ്പിലയും പച്ചമഞ്ഞളും തൈരിൽ അരച്ചു പുരട്ടുക.
• അമിതവിയർപ്പിന് ശരീരത്തിൽ മഞ്ഞൾ അരച്ചുതേച്ചു കുളിക്കുക.
• മഞ്ഞളരച്ച് പതിവായി മുഖത്ത് പുരട്ടിയാൽ മുഖകാന്തി വർദ്ധിക്കും.

72. മാതളം

• മാതളപ്പഴത്തിന്റെ തോട് ഉണക്കിപ്പൊടിച്ച് മോരിൽ കലർത്തി ദിവസവും രണ്ടുനേരം വീതം സേവിക്കുന്നത് വയറുകടിക്ക് നല്ലതാണ്.
• മാതളപ്പഴത്തിന്റെ തോടും, മാതളക്കാമ്പും ഉണക്കിപ്പൊടിച്ച് തേനിൽ ചേർത്തു ദിവസവും മൂന്നുനേരം വീതം സേവിക്കുന്നതും പഴക്കം ചെന്ന വയറുകടിക്ക് നല്ലതാണ്.
• വിരശല്യത്തിനു മാതളപ്പട്ട ചതച്ചു കഷായം വച്ച് അര ഔൺസു വീതം ദിവസവും രണ്ടുനേരം സേവിക്കുക.
• പഴുത്ത മാതളത്തിന്റെ ചാറു പിഴിഞ്ഞു കൊടുത്താൽ അഞ്ചാംപനി, പൊങ്ങൻ എന്നിവയോട് അനുബന്ധിച്ചുളള ചൂടും, സംഭ്രമവും ശമിക്കുന്നതാണ്.
• മാതളത്തിന്റെ രസം തേനും ചേർത്ത് സേവിച്ചാൽ ക്ഷീണം മാറുന്നതാണ്.
• മാതളക്കുരു അരച്ച് മോരിൽകലക്കി കുടിക്കുന്നത് പ്രമേഹത്തിന് നല്ലതാണ്.

73. മുയൽച്ചെവിയൻ

• മുയൽച്ചെവിയന്റെ ഇല ഉപ്പുചേർത്ത് തിരുമ്മിയെടുത്ത നീര് തൊണ്ടയ്ക്കു പുറമേ പുരട്ടിയാൽ ടോൺസലൈറ്റിസ് കുറയും.
• മുയൽച്ചെവിയൻ സമൂല മരച്ച് 3 മുതൽ 6 ഗ്രാം വരെ മോരിൽ ചേർത്ത് കഴിച്ചാൽ രക്താർശ്ശസ് മാറിക്കിട്ടും.
• കണ്ണിൽചതവ്, മുറിവ്, പോറൽ എന്നിവയ്ക്ക് മുയൽചെവിയനില പിഴിഞ്ഞു കണ്ണിലൊഴിക്കുക.
• ചെടിയുടെഎല്ലാഭാഗവും പച്ചയായെടുത്ത് ഇടിച്ചുപിഴിഞ്ഞ് അര ഔൺസുവീതം മൂന്നുദിവസം തുടർച്ചയായി കുടിച്ചാൽ ഉദരകൃമി ശമിക്കും.
• മുയൽച്ചെവിയന്റെ ഇല തിളപ്പിച്ചു കുറുക്കി കഷായമാക്കി കഴിക്കുന്നത് പനി കുറയ്ക്കും.
• മുയൽചെവിയന്റെ ഇല അരച്ച് അരിമാവ് ചേർത്ത് അപ്പം ചുട്ടുകഴിക്കുന്നത് വിരശല്ല്യം ഒഴിവാക്കാൻ സഹായിക്കുന്നതാണ്.

74. മുരിങ്ങ

• ദഹനക്കേടിന് മുരിങ്ങയുടെ തൊലി ചതച്ചെടുത്ത നീരിൽ കുറച്ച് ഇന്തുപ്പ് ചേർത്തു കഴിക്കുക.
• ഒച്ചയടപ്പിന് മുരിങ്ങയില ഉപ്പിട്ടു തിളപ്പിച്ച് ചെറുചൂടോടെ കവിൾകൊള്ളുക.
• ഓജസില്ലായ്മയ്ക്ക് മുരിങ്ങയില തോരൻ പതിവായി ഉപയോഗിക്കുക.
• കാൽമുട്ടിലെ നീരിന് ഉപ്പും മുരിങ്ങയിലയും ചേർത്ത് അരച്ച് നീർക്കെട്ടുള്ള ഭാഗത്ത് വെച്ചുകെട്ടുക. മുരിങ്ങവേരും, വേരിൻമേൽ തൊലിയും കൂടി കഷായം വച്ച് നീരുളള ഭാഗത്ത് ധാരകോരുക. വേര് അരച്ചെടുത്ത് നീരുള്ള ഭാഗത്ത് വെച്ചുകെട്ടുന്നതും നല്ലതാണ്.
• വിളർച്ചയ്ക്ക് മുരിങ്ങയില നാളികേരം ചിരകിയിട്ടു വേവിച്ചു കഴിക്കുക.
• ആർത്തവസമയത്തെ വയറുവേദനയ്ക്ക് മുരിങ്ങയില ഇടിച്ചു പിഴിഞ്ഞെടുത്ത നീര് ഒരു ഔൺസു വീതം രാവിലെ കഴിക്കുക
• മുലപ്പാൽ വർദ്ധനക്ക് മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
• മുരിങ്ങ ഇലയുടെ നീരിൽ (15 ml) ഒരു ഗ്ലാസ് ഇളനീർവെള്ളം ചേർത്ത് സ്വൽപ്പം തേനും കൂട്ടിച്ചേർത്ത് ഇളക്കി യോജിപ്പിച്ച്, ദിവസം രണ്ടോമുന്നോ തവണ കഴിക്കുന്നത് മഞ്ഞപ്പിത്തം ശമിപ്പിയ്ക്കും.
• ഒരു ടീസ്പൂൺ നെയ്യിൽ കുറച്ച് മുരിങ്ങയില ചേർത്ത് വേവിച്ച് കുട്ടികൾക്ക് കൊടുത്ത് ശീലമാക്കുന്നത് ബുദ്ധിവികാസത്തിന് നല്ലതാണ്.
• മുരിങ്ങയില ഭക്ഷണമായി ശീലമാക്കുന്നത് നല്ല കാഴ്ചശക്തിയുണ്ടാകാൻ നല്ലതാണ്. 15 മി.ലി. മുരിങ്ങയില നീരും 5 മി.ലി. തേനും ചേർത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാൽ തിമിരം വരാതെ തടയാം.
• മുരിങ്ങാത്തളിർ ചതച്ച് തേൻ ചേർത്ത് കണ്ണിൽ പിഴിയുക. കണ്ണിലെ ചുവപ്പും, ചൊറിച്ചിലും, പഴുപ്പുംമാറും.
• മുരിങ്ങയിലയും പൂവുംകായും പതിവായി കറികളാക്കി ഉപയോഗിച്ചാൽ നീർവീഴ്ചയുണ്ടാവുകയില്ല.
• തലവേദനയ്ക്ക് മുരിങ്ങയുടെ കറ പാലിൽ ചാലിച്ച് ലേപനം ചെയ്യുക.
• വേദനയ്ക്കും വീക്കത്തിനും കടച്ചിലിനും മുരിങ്ങാത്തൊലി കാടിയിലരച്ച് ചൂടാക്കി ചെറുചൂടോടെ വേദനയുളള ഭാഗങ്ങളിൽ പുരട്ടിയാൽ ആശ്വാസം ലഭിക്കും.
• വ്രണം കരിയുന്നതിന് പിഞ്ചു മുരിങ്ങത്തണ്ടരച്ച് ലേപനം ചെയ്താൽ മതി.
• ഞരമ്പു സംബന്ധമായ രോഗങ്ങൾക്ക് മുരിങ്ങയുടെ ഇലയും, പൂവും, കായും നല്ല ഔഷധമാണ്.
• മുരിങ്ങാത്തളിരും, ചുവന്നുളളിയും ചേർത്ത് ചതച്ച് നീരെടുത്തു നസ്യം ചെയ്താൽ കഠിനമായ തലവേദന ശമിക്കും.
• മുരിങ്ങയില അരച്ചെടുത്ത് തൈരിലോ, മോരിലോ കലർത്തി പതിവായി സേവിച്ചാൽ സന്ധിവേദന ശമിക്കുന്നതാണ്.
• വേരിൻമേൽതൊലി ഇടിച്ചുപിഴിഞ്ഞെടുത്ത നീര് ചെവിവേദനയ്ക്ക് നല്ലതാണ്.

75. മൂക്കുറ്റി

• മുക്കുറ്റി അരച്ചു വ്രണത്തിൽ പുരട്ടിയാൽ മുറിവ് പെട്ടെ ന്ന് കരിയും.
• മുക്കുറ്റി സമൂലമെടുത്തരച്ച് തേനിൽ കലർത്തിക്കഴിച്ചാൽ ചുമ, കഫകെട്ട്, ആസ്ത്മ ഇവ ശമിക്കും.
• വയറിളക്കത്തിന് മുക്കുറ്റിയുടെ നീരും തൈരും ചേർത്ത് ദിവസേന കഴിക്കുക.
• മുറിവുണക്കുന്നതിന് മുക്കുറ്റി ഇലയുടെ നീര് മുറിവിൽ പുരട്ടിയാൽ മതി.
• എക്കിൾ മാറുന്നതിന് മുക്കുറ്റി അരച്ച് എണ്ണയിൽ സേവിക്കുക.
• കൊടിഞ്ഞിയ്ക്ക് മുക്കുറ്റി അരച്ച് നെറ്റിയുടെ പാർശ്വങ്ങളിൽ പുരട്ടുക.
• തീപൊള്ളലിന് മുക്കുറ്റി തൈരിലരച്ചു പുരട്ടുക.
• മൂക്കിൽ ദശ വളരുന്നതിന് ഒരു പിടി മുക്കുറ്റിപ്പൂവ് ചതച്ച് കിഴികെട്ടി പലതവണ രണ്ടു മൂക്കിലും വലിക്കുക. അല്ലെങ്കിൽ 25 ഗ്രാം മുക്കുറ്റി സമൂലം ചതച്ച് 100 മില്ലി വെളിച്ചെണ്ണയിലിട്ട് മൂപ്പിച്ച് ദിവസം ഒരു നേരം തളം വെക്കുകയോ തലയിൽ തേച്ചു കുളിക്കുകയോ ചെയ്യുക.
• കടന്നൽ വിഷത്തിന് മുക്കുറ്റി അരച്ചു വെണ്ണ ചേർത്ത് കടന്നൽ കുത്തിയ ഭാഗത്ത് പുരട്ടുക.
• ആർത്തവകാലത്തെ അധിക രക്തസ്രാവം മാറുന്നതിന് മുക്കുറ്റി അരച്ച് എണ്ണയിൽചാലിച്ച്കഴിക്കുക

76. മുത്തങ്ങ

• പനിയുള്ളവർ മുത്തങ്ങയും പർപ്പടകപ്പുല്ലും കൂടി കഷായം വച്ചു സേവിക്കുക. അല്ലെങ്കിൽ മുത്തങ്ങ, പർപ്പടകപ്പുല്ല്, രാമച്ചം, ചന്ദനം, ചുക്ക്, ഇരുവേലി എന്നിവ ചതച്ച് ഒരു രാത്രിനേരം തണുത്ത വെള്ളത്തിലിട്ടുവെച്ചു പിറ്റേന്നു അരിച്ചെടുത്ത് സേവിക്കുക. ഇതിന് ഷഡംഗശീതകഷായം എന്ന് ആയുർവ്വേദത്തിൽ വിവരിക്കുന്നു.
• അതിസാരത്തിനു മുത്തങ്ങ ചതച്ചു പിഴിഞ്ഞെടുത്ത രസത്തിൽ അല്പം തേൻ ചേർത്തു സേവിക്കുക. അല്ലെങ്കിൽ മുത്തങ്ങ ചതച്ചിട്ടു പാലുകാച്ചി കുടിക്കുക.
• മുത്തങ്ങാ കിഴങ്ങ് കഷായം വച്ച് കഴിച്ചാൽ അതിസാരം, ഛർദ്ദി, ഉദരരോഗങ്ങൾ എന്നിവയ്ക്ക് നല്ലതാണ്. കുട്ടികൾക്കാണ് ഈ പ്രയോഗം കൂടുതൽ ഫലം ചെയ്ത് കാണുന്നത്.
• മുത്തങ്ങ, ചുക്ക്, അമ്യത്, അതിവിടയം ഇവ സമമെടുത്ത് കഷായം വച്ചത് സേവിക്കുന്നത് ദഹനമില്ലായ്മ, അഗ്നിമാന്ദ്യം, ഗ്രഹണി എന്നിവയ്ക്ക് നല്ലതാണ്.
• മുത്തങ്ങയും ഇഞ്ചിയും അരച്ച് തേനിൽ ചാലിച്ചു സേവിച്ചാൽ ഉദരരോഗങ്ങൾക്ക് നല്ലതാണ്.
• ഗ്രഹണിക്ക് മുത്തങ്ങാ, കൂവളത്തിൻ വേര്, മാന്തളിര്, കുടകപ്പാലയരി ഇവ സമമെടുത്ത് ചതച്ചു കിഴികെട്ടി ആട്ടിൻ പാലിലിട്ട് കാച്ചി കുടിക്കുക.
• മുത്തങ്ങ, ചിറ്റമൃത്, മരമഞ്ഞൾ ഇവ അരച്ച് കുട്ടികൾക്കുണ്ടാകുന്ന ത്വക്ക് രോഗത്തിന് (കരപ്പന്) പുറമേ പുരട്ടിയാൽ നല്ലതാണ്.
• കുരു, വ്രണം എന്നിവയ്ക്ക് മുത്തങ്ങ അരച്ച് മോരിൽ ചാലിച്ചു പുരട്ടുക.
• മുത്തങ്ങ, നിലപ്പനക്കിഴങ്ങ് എന്നിവ സമമെടുത്ത് ചതച്ച് കിഴികെട്ടിയിട്ട് പാൽകാച്ചി പഞ്ചസാര ചേർത്തു കഴിക്കുന്നത് മൂത്രച്ചുടിൽ, അസ്ഥിസ്രാവം എന്നിവയ്ക്ക് നല്ലതാണ്.
• മുത്തങ്ങ വെണ്ണപോലെ അരച്ചു പതിവായി ശരീരത്തിൽ തേച്ചു പിടിപ്പിച്ചതിനുശേഷം കുളിച്ചാൽ വിയർപ്പുനാറ്റം ഇല്ലാതാകും.
• മുടി പൊഴിച്ചിലിന് മുത്തങ്ങ ചതച്ചിട്ട് എണ്ണകാച്ചി തലയിൽ തേയ്ക്കുക.

77. മൈലാഞ്ചി

• മുടികൊഴിച്ചിൽ, അകാലനര എന്നിവയ്ക്ക് മൈലാഞ്ചിയില അരച്ചിട്ട് വെളിച്ചെണ്ണ കാച്ചി തലയിൽ തേയ്ക്കുക. അല്ലെങ്കിൽ മൈലാഞ്ചിയിലയരച്ച് നിഴലിലുണക്കിവച്ചിരുന്ന് എണ്ണയിൽ ചാലിച്ച് പതിവായി തേയ്ക്കുക. മുടികറുപ്പാകുന്നതിനും, താരൻ നശിക്കുന്നതിനും ഈ പ്രയോഗം നല്ലതാണ്.
• കുഴിനഖത്തിന് മൈലാഞ്ചിയിലയും, പച്ചമഞ്ഞളും കൂടിയരച്ച് നഖത്തിൽ പൊതിഞ്ഞുവയ്ക്കുക.
• വളംകടിയിൽ മൈലാഞ്ചിയില അരച്ചിടാം. ചുടുവാതത്തിനും നന്ന്.
• തൊലി മഞ്ഞപ്പിത്തത്തിനും പ്ലീഹരോഗത്തിനും ചർമ്മ രോഗങ്ങളൾക്കും, ത്വക്കു രോഗത്തിനും നല്ലതാണ്.
• തലവേദനയ്ക്ക് ഇല അരച്ച് ഉമ്മം, പുളി, ഉപ്പ് എന്നിവ ചേർത്ത് തേയ്ക്കുക.
• ശരീരവേദനയ്ക്ക് മൈലാഞ്ചി ഇലയും, ജാതിയുടെ ഇലയും, പുളിയും, ഉപ്പും ചേർത്ത് തേയ്ക്കുക.
• സാധനങ്ങൽ കേട് വരാതിരിക്കാൻ ഉണങ്ങിയ പൂക്കൾ അതോടോപ്പം ഇട്ട് വയ്ക്കുക.
• ഇതിന്റെ പൂവും, ഇലയും, ചിറ്റമൃത് ഇലയും കൂടി അരച്ച് കലക്കി സമം എണ്ണയും ചേർത്ത് നീർവറ്റിച്ച് തലയിൽ തേച്ചാൽ മുടികൊഴിച്ചിൽ കുറയും, മുടിക്ക് നിറം വർദ്ധിക്കും.

78. രക്തചന്ദനം

• മുഖത്തെ പാടുകൾ കളയുന്നതിന് രക്തചന്ദനം പനിനീരിൽ അരച്ചു പുരട്ടുന്നത് നല്ലതാണ്.
• പനിയ്ക്കും തലവേദനയ്ക്കും ഇതിന്റെ തടി അരച്ചു നെറ്റിയിൽ പുരട്ടുന്നത് നല്ലതാണ്.
• വ്രണം, പരുവ് ഇവയിൽ രക്തചന്ദനം അരച്ച് കെട്ടിയാൽ വ്രണം ഉണങ്ങുകയും പരുവ് പൊട്ടുകയും ചെയ്യും.
• രക്തചന്ദനം, ഇരട്ടി മധുരം ഇവ പൊടിച്ച പൊടി മൂന്നു ഗ്രാം വീതം 100 മി.ലി പാലിൽ കലക്കി പഞ്ചസാര ചേർത്ത് കൊടുത്താൽ ഛർദ്ദി ശമിക്കും.

79. രാമച്ചം

• ശരീരത്തിനുണ്ടാകുന്ന വിവിധതരം വേദനകളെ ശമിപ്പിക്കുവാൻ രാമച്ചത്തിൽ നിന്നും വാറ്റിയെടുക്കുന്ന തൈലം പുരട്ടിയാൽ മതി.
• രാമച്ചം പുകയ്ക്കുന്നത് സുഗന്ധത്തിനും രോഗാണുക്കളെ നശിപ്പിക്കുന്നതിനും നല്ലതാണ്. കീടങ്ങളെ അകറ്റുന്നതിന് രാമച്ചം ഉപയോഗിക്കുന്നു.
• ഛർദ്ദിക്കും അതിസാരത്തിനും രാമച്ചമിട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് നല്ലതാണ്.
• രാമച്ചമിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ദാഹത്തിനും ദഹനത്തിനും ഏറെ ഉത്തമമാണ്.
• എണ്ണയിലിട്ടു കാച്ചി തലയിൽ തേച്ചാൽ മുടികൊഴിച്ചിൽ തടയുന്നതിനോടൊപ്പം തലയ്ക്ക് കുളിർമ്മയും ലഭിക്കുന്നു.
• ശരീരത്തിന്റെ ദുർഗന്ധമകറ്റാനും അമിത വിയർപ്പിനും, രക്തം ശുദ്ധീകരിക്കുവാനും രാമച്ചം ഉപയോഗിച്ചുവരുന്നു.

80. വയമ്പ്

• വയമ്പ് ഉണക്കി പൊടിച്ച് വിതറിയാൽ കീടങ്ങളെ നശിപ്പിക്കാൻ സാധിക്കും
• വയമ്പ് താളിയിൽ ചേർത്ത് തലയിൽ തേച്ചാൽ പേൻ, ഈര് ഇവയുടെ ശല്യത്തിന് ശമനം കിട്ടും.
• കുട്ടികൾക്കുണ്ടാകുന്ന ദഹനക്കുറവിനും ഛർദ്ദിക്കും മുലപ്പാലിൽ വയമ്പ് കുറഞ്ഞ അളവിൽ അരച്ചുകൊടുക്കുന്നതു നല്ലതാണ്.
• ചർമ്മ രോഗങ്ങളിൽ ലേപനത്തിന് ഉപയോഗിക്കുന്നു.
• പൂച്ച കടിച്ചാൽ ഞെക്കി ചോരകളഞ്ഞതിന് ശേഷം വയമ്പും ചുക്കും കൂടി സമം അരച്ചിടുക.
• പനിയ്ക്ക് കൈപ്പയില നീരിൽ വയമ്പരച്ച് തേനും ചേർത്ത് നാക്കിൽ തേച്ചുകൊടുക്കുക.
• വയമ്പ്, ബ്രഹ്മി, ശംഖുപുഷ്പത്തിന്റെ വേര് ഇവ സമമെടുത്തുണക്കി പൊടിച്ച ചൂർണ്ണം ബ്രഹ്മിസ്വരസത്തിൽ മൂന്നു തവണ ഭാവന ചെയ്ത് വീണ്ടും ഉണക്കി അര ഗ്രാം വീതം നെയ്യും തേനും അതിൽ യോജിപ്പിച്ച് ദിവസവും പ്രഭാതത്തിൽ കഴിക്കാമെങ്കിൽ ബുദ്ധിശക്തി, ഓർമശക്തി, ഇവ വർദ്ധിക്കും. (വൈദ്യനിർദ്ദേശാനുസരണം മാത്രം ശീലിക്കുക.)
• വയമ്പിന്റെ കന്ദവും, ഇലയും പൊടിച്ച് ശീതളപാനീയങ്ങൾക്ക് ഹൃദ്യമായ മണവും രുചിയും നൽകാൻ അൽപമായി ചേർത്തുവരുന്നു.

81. വശളച്ചീര

• വശളചീര പിഴിഞ്ഞെടുത്ത നീര് 5 മി. ലി. വീതം അൽപം കൽക്കണ്ടവും ചേർത്ത് കൊടുത്താൽ ജലദോഷം ശമിക്കും.
• വശളചീര വെണ്ണയിൽ ചാലിച്ചിട്ടാൽ തീപൊള്ളൽ ശമിക്കും.
• നിദ്ര ശരിക്കു ലഭിക്കാത്തവർ കുളിക്കുന്നതിന് അര മണിക്കൂർ മുമ്പ് വശളചീര ഇടിച്ചുപിഴിഞ്ഞ നീർ നെറുകയിൽ വയ്ക്കുന്നത് നല്ലതാണ്.

82. വാഴ

• ഏത്തക്കായ് അരിഞ്ഞുണക്കിപ്പൊടിച്ചു പാലിൽ കാച്ചിക്കുടിക്കുന്നത് അൾസർ രോഗത്തിന് നല്ല ഔഷധമാണ്.
• വാഴപ്പഴം പതിവായി കഴിക്കുന്നത് വിളർച്ച മാറാൻ സഹായിക്കും.
• വാഴപ്പിണ്ടി പിഴിഞ്ഞെടുത്ത നീരിൽ അല്പം മഞ്ഞൾപ്പൊടിയും, തേനും ചേർത്തു പതിവായി കഴിക്കുന്നതും, വാഴക്കൂമ്പ് ആഹാരമായി ഉപയോഗിക്കുന്നതും പ്രമേഹത്തിന് നല്ലതാണ്.
• തീപൊള്ളലിന് വാഴയുടെ മാണം ഇടിച്ചുപിഴിഞ്ഞെടുത്ത് ആ നീരു ധാര കോരുക.
• കണ്ണിലെ അസുഖങ്ങൾക്ക് വാഴക്കൂമ്പിലെ തേൻ പതിവായുപയോഗിക്കുക.
• കദളിവാഴപ്പൂവുകൊണ്ട് കഷായം വച്ച് സേവിച്ചാൽ അതിസാരം ശമിക്കും.
• കദളിപ്പഴം ഇളനീരിലിട്ടു പിറ്റേദിവസം രാവിലെ സേവിച്ചാൽ മൂത്രതടസം മാറും.
• കദളിപ്പഴം, ഇന്തുപ്പ്, വെണ്ണ ഇവ ചേർത്ത് യോജിപ്പിച്ച് കുഴമ്പാക്കി പുരട്ടുന്നത് ചിരങ്ങിന് നല്ലതാണ്.

83. വെളുത്തുള്ളി

• ഏലയ്ക്കാ, ചുക്ക്, വെളുത്തുള്ളി ഇവ ചതച്ച് കഷായം വെച്ച് പതിവായി കുടിക്കുക. ഛർദ്ദി, വയറുവേദന, അഗ്നിമാന്ദ്യം, കൃമി ഇവയ്ക്കു നല്ലതാണ്.
• കഴുത്തിൽ ഉണ്ടാകുന്ന നീരിന് തേങ്ങാപ്പാലിൽ വെളുത്തുള്ളി പുഴുങ്ങി അരച്ചു പുരട്ടുക.
• ഗ്യാസ് ട്രബിളിന് ദിവസവും വെളുത്തുള്ളി ചുട്ടു തിന്നുക.
• ശക്തിയായ തലവേദനക്ക് വെളുത്തുള്ളി പച്ച വെള്ളത്തിൽ അരച്ച് നെറ്റിക്കു പുരട്ടുക.

84. വെണ്ട

• നീരിളക്കം, നീർദോഷം, ഇടവിടാതെയുളള തുമ്മൽ തുടങ്ങിയ രോഗങ്ങൾക്ക് വെണ്ടയ്ക്കാ സൂപ്പ് നല്ലതാണ്.
• വെണ്ടയ്ക്കാ അരിഞ്ഞ് ഒരു മൺപാത്രത്തിലിട്ട് പാത്രം നിറയെ ശുദ്ധജലമൊഴിച്ച് ആറുമണിക്കൂർ സമയം വച്ചിരുന്ന് ഞെരടിപ്പിഴിഞ്ഞു കുടിച്ചാൽ മൂത്രച്ചുടിച്ചിൽ രോഗത്തിന് ശമനം ലഭിക്കുന്നതാണ്.
• വെണ്ടയരി ഉണക്കിപ്പൊടിച്ച് കാപ്പികുടിച്ചാൽ വയറിളക്കം ശമിക്കുന്നതാണ്.
• വെണ്ടയ്ക്കാ അരിഞ്ഞ് വെളളത്തിലിട്ടു തിളപ്പിച്ച് അതിന്റെ ആവി തൊണ്ടയിലേറ്റാൽ വരണ്ട ചുമകൊണ്ടുണ്ടാകുന്ന തൊണ്ടവേദന മാറുന്നതാണ്.

85. ശതാവരി /സഹസ്രമൂലി

• ശതാവരിക്കിഴങ്ങ് നീരിൽ രാമച്ചപ്പൊടി ചേർത്ത് കാലിനടിയിൽ പുരട്ടിയാൽ ചുട്ടുനീറ്റലിനു കുറവുകിട്ടും.
• മുലപ്പാൽ വർദ്ധനക്ക് ശതാവരിക്കിഴങ്ങ് തോൽകളഞ്ഞു ഉണക്കിപ്പൊടിച്ച് ദിവസം രണ്ടു സ്പൂൺ (40 ഗ്രാം ) വീതം പശുവിൻ പാലിൽ കലക്കി സേവിക്കുക.
• ശതാവരിക്കിഴങ്ങ് പാൽകാച്ചി സേവിച്ചാൽ രക്തപിത്തം, അത്യുഷ്ണം മുതലായവ ശമിക്കും.
• മഞ്ഞപ്പിത്തം തടയാൻ ശതാവരിക്കിഴങ്ങ് പൊടിച്ച് അതിൽ പഞ്ചസാരയോ തേനോ ചേർത്ത് കഴിച്ചാൽ മതി.
• ശതാവരിക്കിഴങ്ങുനീരിൽ പാലുംചേർത്ത് കഴിക്കുന്നത് വൃക്കയിലെ കല്ലിനും മൂത്ര സംബന്ധമായ രോഗങ്ങൾക്കും നല്ലതാണ്.
• കിഴങ്ങ് കഷായംവച്ചത് 15 മി.ലി. തേൻ ചേർത്ത് കഴിച്ചാൽ ആർത്തവ ക്രമക്കേടുകൾ നിയന്ത്രിക്കാം.
• ഗർഭസംരക്ഷണത്തിന് ശതാവരിക്കിഴങ്ങും കൽക്കണ്ടവും പാലിൽ കഷായം വെച്ചുകഴിക്കുക.
• വെള്ളപോക്കിന് ശതാവരിക്കിഴങ്ങ് ഒരു ഗ്ലാസ് പാലിൽ അരച്ചുകലക്കി രാവിലെ ഉണർന്നയുടൻ വെറും വയറ്റിൽ കുടിക്കുക.
• കാത്സ്യം, ഇരുമ്പുസത്ത് എന്നിവയുടെ അഭാവത്താൽ ഉണ്ടാകുന്ന രോഗങ്ങൾക്ക് ശതാവരിക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് മുപ്പതു ഗ്രാം വീതം ദിവസേന പശുവിൻ പാലിൽ കാച്ചിക്കുടിക്കുന്നത് നല്ലതാണ്.
• മൂത്രച്ചുടിച്ചിലിന് ശതാവരി ഇടിച്ചുപിഴിഞ്ഞ നീരും, ഞെരിഞ്ഞിൽപൊടിയും ചേർത്ത് പാൽകാച്ചി സേവിക്കുക.
• ശതാവരിനീരും സമം പാലും ചേർത്ത് കഴിച്ചാൽ അപസ്മാരം മാറും.

86. സീതപ്പഴം (ആത്ത)

• ധാരാളം പോഷകമൂല്യങ്ങളുളള ഈ പഴം ക്ഷയരോഗത്തെ ശമിപ്പിക്കുവാൻ ഉപയോഗിക്കുന്നു.
• സീതപ്പഴത്തിന്റെ കുരു ഉണക്കിപ്പൊടിച്ച് വെളിച്ചെണ്ണയിലിട്ടു കാച്ചി തലയിൽ തേയ്ച്ചാൽ പേൻ നശിക്കുന്നതാണ്. കണ്ണിൽ വീഴാതെ ശ്രദ്ധിക്കണം.
• പഴുത്ത ഫലം ചതച്ച് പാകമാകാത്ത കുരുക്കളിൽ വച്ചുകെട്ടിയാൽ എളുപ്പം പാകമായി പൊട്ടുന്നു.
• പാകമെത്താത്ത ഫലം കുരുകളഞ്ഞശേഷം ചവച്ചുതിന്നാൽ അതിസാരത്തിന് ശമനമുണ്ടാകും.
• ഇതിന്റെ ഇലയും പുകയിലയും കൂടി അരച്ച് മൃഗങ്ങൾക്കുണ്ടാകുന്ന കുളമ്പുരോഗത്തിലും മറ്റ് വ്രണങ്ങളിലും വച്ചുകെട്ടുന്നത് നല്ലതാണ്.
• ദിവസവും രണ്ടോ മൂന്നോ പഴം തുടർച്ചയായി ഉപയോഗിച്ചാൽ ചുമക്ക് ആശ്വാസം കിട്ടും. ഞരമ്പുകൾക്ക് ഉണർവ്വും മാംസപേശികൾക്ക് ബലവും കിട്ടും.
• ആത്തയുടെ ഇലയ്ക്കും കായ്ക്കും കീടസംഹാരശക്തിയുള്ളതുകൊണ്ട് ഇലയിട്ടുവെന്ത വെള്ളം തളിച്ചാൽ ചിതലും കീടങ്ങളും നശിക്കും.



അവലംബം :
ഡോ. ആൻസി ജോസഫ്,
ഡോ.ഗ്രെയ്സി മാത്യു,
ഡോ.ഷീല കാറളം.

ഗൃഹൗഷധികളുടെ കൃഷിരീതിയും ഉപയോഗവും. 2016.
സുഗന്ധതൈല ഔഷധസസ്യ ഗവേഷണ കേന്ദ്രം, ഓടക്കാലി,
കേരള കാർഷിക സർവകലാശാല